കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ്

Jaihind Webdesk
Monday, August 5, 2019

Kannur-Corporation

കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് ഇന്ന് നോട്ടീസ് നല്‍കിയേക്കും.  വിമതന്‍ പി.കെ രാഗേഷ് പിന്തുണ അറിയിച്ചെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി പറഞ്ഞു. മേയര്‍ സ്ഥാനം ആറ് മാസം വീതം പങ്കിടാന്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അന്തിമ ധാരണയിലെത്തി.

കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരുന്നത്. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷുമായി കെ സുധാകരൻ എം.പി ചർച്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. മേയർ സ്ഥാനം ആദ്യഘട്ടത്തിൽ കോൺഗ്രസിന് നൽകാമെന്ന് മുസ്ലീം ലീഗും അറിയച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്.

അമ്പത്തിയഞ്ചംഗ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്  വിമതന്‍ പി.കെ രാഗേഷടക്കം ഇരുപത്തിയെട്ട് പേരുടെ പിന്തുണയോടെയാണ് നിലവിലെ  എല്‍.ഡി.എഫ് ഭരണം. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച് ഡെപ്യൂട്ടി മേയറായ  പി.കെ രാഗേഷുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തിയാണ് അവിശ്വാസ പ്രമേയ നീക്കം.

പി.കെ രാഗേഷിന്‍റെ മാത്രം ബലത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ ദിവസം എടക്കാട് കൗൺസിലർ മരണപ്പെട്ടതോടെ ഇടതുമുന്നണിക്ക് ഒരംഗത്തിന്‍റെ കുറവുണ്ട്. ഇതോടെ യു.ഡി.എഫ് 27ഉം എൽ.ഡി.എഫ് 26ഉം എന്ന നിലയിലായി. അവിശ്വാസ പ്രമേയത്തിന് വിമതൻ പി.കെ രാഗേഷും പിന്തുണയറിയിച്ചതോടെ കോർപറേഷൻ ഭരണം യു.ഡി.എഫിന്‍റെ കൈയിലെത്തുമെന്ന സ്ഥിതിയാണുള്ളത്.