യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

Monday, May 27, 2019

 

പൊതു തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

കന്റോൺമെന്‍റ് ഹൗസിലാണ് യോഗം  ചേരുന്നത്. നിയമസഭാ സമ്മേളനം ഇന്നാരംഭിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുന്നണി യോഗം. നിയമസഭയില്‍ സർക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് യോഗം രൂപം നല്‍കും. സഭയ്ക്ക് പുറത്ത് സർക്കാരിനെതിരായ സമരപരിപാടികളും യോഗത്തില്‍ ചർച്ചയാകും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൈവരിച്ച വിജയം മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ കരുത്താർജിച്ച മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചർച്ചകളും യോഗത്തിലുണ്ടാകും. കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാരത്തർക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് അനൗപചാരിക ഇടപെടലുകളും മുന്നണി നേതൃത്വം നടത്തിയേക്കും. യു.ഡി.എഫ് ഘടകക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.