യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്; പാലാ ഉപതെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യും

Jaihind Webdesk
Monday, August 26, 2019

പാലാ മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പ് ഒരുക്കങ്ങളടക്കം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് കന്‍റോൺമെന്‍റ് ഹൗസിൽ ചേരും. സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും.

കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23 ന് നടക്കാനിരിക്കെ ഇന്ന് ചേരുന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ നിർണായക ചർച്ചകളാവും അരങ്ങേറുക. തെരെഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളും ഇന്നത്തെ യോഗത്തിൽ നടക്കും.

യു.ഡി.എഫിന് ഏറെ വൈകാരിക ബന്ധമുള്ള പാലായിൽ ലോക്സഭാ തെരെഞ്ഞെടുപ്പിലെ വമ്പൻ വിജയം ആവർത്തിക്കാനാവുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളത്. അഞ്ച് പതിറ്റാണ്ടിലേറെ മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള കോൺഗ്രസ് എമ്മിന്റെ ജീവാത്മാവും പരമാത്മാവുമായ കെ.എം മാണിക്ക് പകരം വിജയ സാധ്യത ഏറെയുള്ള സ്ഥാനാർത്ഥിയെയാവും യു.ഡി.എഫിൽ ചർച്ച ചെയ്ത് പാർട്ടി കളത്തിലിറക്കുക. കഴിഞ്ഞ തവണ നാലായിരത്തിലധികം വോട്ടിന് കെ.എം മാണി വിജയിച്ച മണ്ഡലത്തിൽ ഒറ്റക്കെട്ടോടെയുള്ള പ്രവർത്തനം കാഴ്ചവെക്കുന്നതോടെ ഭൂരിപക്ഷം ഉയർത്തി മണ്ഡലം നിലനിർത്താമെന്ന് കേരള കോൺഗ്രസ് എമ്മിന്‍റെ വിലയിരുത്തൽ.

പാലാ നിയോജക മണ്ഡലം കേരള കോൺഗ്രസിന്‍റെ സീറ്റാണെങ്കിലും നിലവിലെ നിർണായക രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫിൽ കൂടി ചർച്ച ചെയ്ത ശേഷമാവും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുക. ബി.ജെ.പിക്കും എൽ.ഡി.എഫിനും ജയസാധ്യത തീർത്തും കുറവാണെങ്കിലും പഴുതടച്ചുള്ള തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവും യു.ഡി.എഫ് രൂപം നൽകുക. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരടക്കം ഘടകകക്ഷി നേതാക്കളെല്ലാം തന്നെ യോഗത്തിൽ പങ്കെടുക്കും.