ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് നേതൃയോഗം ചേർന്നു; എല്ലാ മണ്ഡലങ്ങളിലും മികച്ച വിജയം നേടാനാകുമെന്ന് വിലയിരുത്തല്‍

Jaihind Webdesk
Wednesday, September 25, 2019

പാലായിലും ഇനി നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാനാകുമെന്ന് തിരുവനന്തപുരത്ത് ചേർന്ന യു.ഡി എഫ് നേതൃയോഗം വിലയിരുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ശക്തമായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വിലയിരുത്തലും വരാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമാണ് യു.ഡി.എഫ് നേതൃയോഗം പ്രധാനമായും ചർച്ച ചെയ്തത്. പാലായിൽ യു.ഡി എഫ് സ്ഥാനാർത്ഥി മികച്ച വിജയം നേടും. നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിക്കുമെന്നും യു.ഡി.എഫ് നേതൃയോഗം വിലയിരുത്തി. തെറ്റുകളിൽ നിന്ന് പാഠം പഠിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ശബരിമല വിഷയത്തിലടക്കം ഇപ്പോഴും സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരസ്യ പ്രതികരണം നടത്തുന്നതിൽ നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.ഫ് സജ്ജമാണെന്ന് മുന്നണി കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. 29-ാം തീയതി മുതൽ യു.ഡി.എഫിന്‍റെ മണ്ഡലം കൺവൻഷനുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.