ജനങ്ങളിലേക്കിറങ്ങി ജോസ് ടോം ; പ്രചാരണത്തില്‍ ബഹുദൂരം മുന്നേറി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

Jaihind Webdesk
Sunday, September 8, 2019

ജനഹൃദയങ്ങളിലേക്കിറങ്ങി പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ പ്രചാരണം. പാലായ്ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ജോസ് ടോമിന്‍റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ പ്രവർത്തകരെ ആവേശത്തിലാക്കി. ആദ്യഘട്ട പ്രചാരണത്തിന്‍റെ ബൂത്ത് തല കൺവൻഷനുകളും, മണ്ഡലം കൺവൻഷനുകളും പൂർത്തിയായി.

രാവിലെ മുതൽ തന്നെ  യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പ്രചാരണം ആരംഭിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിവിധ മേഖലകളിലെത്തി വോട്ടഭ്യർത്ഥിച്ചു.  പാലാ നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ജനഹൃദയങ്ങൾ കീഴടക്കിയാണ് മുന്നോട്ട് കുതിക്കുന്നത്. മണ്ഡലത്തിലെ മുക്കും മൂലയും സുപരിചിതനായ സ്ഥാനാർത്ഥി മണ്ഡലത്തിന്‍റെ എല്ലാ മേഖലകളിലേക്കും എത്തിത്തുടങ്ങി.

പ്രചാരണത്തിന്‍റെ ഭാഗമായി  മഠങ്ങൾ, കോൺവെന്‍റുകൾ, അനാഥമന്ദിരങ്ങൾ എന്നിവിടങ്ങളിൽ ജോസ് ടോം സന്ദർശനം നടത്തി. പാലാ നിയോജക മണ്ഡലം കെ.ടി.യു.സി സംഘടിപ്പിച്ച തൊഴിലാളി സംഗമം റോഷി അഗസ്റ്റിന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിലെ ബൂത്ത് കൺവൻഷനുകളും മണ്ഡലം കൺവൻഷനുകളും ഇതോടെ മണ്ഡലത്തിൽ പൂർത്തിയായി. വീടുകളിൽ നേരിട്ടെത്തിയ പ്രവർത്തകർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. ഓണത്തിന് ശേഷം സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം ആരംഭിക്കും.