കർഷക സമരത്തിലെ കേന്ദ്രനിലപാട് : പഞ്ചാബ് ബി.ജെ.പിയില്‍ പ്രതിസന്ധി ; രാജി ഭീഷണിയുമായി നേതാക്കള്‍

Jaihind News Bureau
Sunday, January 24, 2021

 

ചണ്ഡീഗഢ് : കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടെ ബി.ജെ.പിക്കുള്ളിലും പോര് രൂക്ഷമാകുന്നു. കർഷകസമരത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ തയാറാകാത്ത കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെതിരെ പഞ്ചാബ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. നിർബന്ധിച്ചാല്‍ രാജിവെക്കുമെന്ന നിലപാടിലാണ് ഇവർ. കര്‍ഷക പ്രക്ഷോഭം ഇത്രയും കാലം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ ഒരുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും ബി.ജെ.പിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ലക്ഷ്മി കാന്ത ചാവ്‌ല അഭിപ്രായപ്പെട്ടു.

‘ഒരു ബി.ജെ.പി നേതാവ് എന്ന നിലയില്ല ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഒരു പ്രക്ഷോഭവും ഒരുപാട് കാലം നീണ്ടുപോകാന്‍ അനുവദിക്കരുത്. എത്രയും വേഗത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. കർഷകരുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്തയച്ചിരുന്നു. കൃഷിവകുപ്പ് മന്ത്രിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ പ്രശ്നത്തിന് ഒരു ദിവസം കൊണ്ടു പരിഹാരം കാണാനാകുന്നതേ ഉള്ളൂ’ – ചാവ്‌ല പറയുന്നു.

സംസ്ഥാന ബി.ജെ.പി.ഘടകം കര്‍ഷക പ്രക്ഷോഭത്തെ ഗൗരവത്തില്‍ കാണുന്നില്ലെന്ന് മുന്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായ മഞ്ജീദര്‍ സിങ് കാങ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലാണ് കാര്‍ഷിക സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയ്ക്ക് പതിനഞ്ചോളം പേരാണ് ബി.ജെ.പി വിട്ട് അകാലിദളില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് 27 വര്‍ഷം എന്‍.ഡി.എയ്‌ക്കൊപ്പമുണ്ടായിരുന്ന അകാലിദള്‍ സഖ്യം വിട്ടിട്ടും പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് മാല്‍വയില്‍ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

ഫെബ്രുവരി 15 ന് പഞ്ചാബില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയിലെ എതിർശബ്ദം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിയോജിപ്പിന്‍റെ സ്വരങ്ങള്‍ ബി.ജെ.പിക്കുള്ളില്‍ നേരത്തെതന്നെ ഉയര്‍ന്നിരുന്നു.  കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ബി.ജെ.പി നേതാക്കള്‍ മത്സരിക്കാന്‍ തയാറാകുന്നില്ല.  മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന ഭീഷണിയും ഉയരുന്നുണ്ട്. പ്രക്ഷോഭത്തിന്‍റെ യഥാര്‍ത്ഥ വശത്തെക്കുറിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന ഘടകത്തിന് സാധിക്കാത്തതില്‍ പാർട്ടിയിലെ ഭൂരിപക്ഷം അസന്തുഷ്ടരാണ്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കര്‍ഷകരുമായി കേന്ദ്രം നടത്തിയ 11-ാം വട്ട ചര്‍ച്ചയും പൂര്‍ണ പരാജയമായിരുന്നു.  റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ അണിനിരത്തി റാലി വൻ ശക്തി പ്രകടനമാക്കാനാണ് കർഷകരുടെ നീക്കം.