എ.എൻ ഷംസീർ വീണ്ടും വിവാദത്തിൽ; സി പി എം ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയതും ഗൂഡാലോചന നടന്നുവെന്ന് പോലീസ് പറയുന്ന വാഹനത്തില്‍

Jaihind News Bureau
Saturday, July 20, 2019

എ എൻ ഷംസീർ എംഎൽഎ വിവാദത്തിൽ. സി ഒ ടി നസീർ വധശ്രമ കേസിൽ ഗൂഡാലോചന നടന്നുവെന്ന് പോലീസ് പറയുന്ന വാഹനത്തിലാണ് എംഎൽഎ സഞ്ചരിക്കുന്നത്. വാഹനത്തിന് എം എൽ എ ബോർഡ് വെക്കാതെയാണ് ഷംസീർ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ഇടയിലാണ് ഈ വാഹനത്തിൽ എംഎൽഎയുടെ സഞ്ചാരം.

കെഎൽ O7 സിഡി 6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ അക്രമിക്കാനുള്ള  ഗൂഡാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.- ഗൂഢാലോചന നടന്നത് എ.എൻ ഷംസീറിന്‍റെ സഹോദരന്‍റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണെന്ന്  നേരത്തെ പിടിയാലായ പ്രതികളിൽ ഒരാളായ പൊട്ടി സന്തോഷാണ് പോലിസിന്  മൊഴി നൽകിയത്.

ഗൂഢാലോചന നടന്ന ഈ വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിന് ഇടയിലാണ് സി പി എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എ എൻ ഷംസീർ എംഎൽഎ ഈ ഇന്നോവ കാറിൽ എത്തിയത്.എം എൽ എ എന്ന ബോർഡ് വെക്കാതെയാണ് ഇന്നോവ കാറിൽ ഷംസീർ യോഗത്തിനെത്തിയത്.

ഷംസീറിന്റെ സഹോദരൻ ഷഹീറിന്‍റെ ഉടമസ്ഥതയിലാണ് ഇന്നോവ കാർ.കേസ്സിൽ ഷംസീറിന്‍റെ സഹോദരൻ ഷഹീറിനെയും ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.  സി ഒ ടി നസീർ വധശ്രമകേസിൽ എൻ ഷംസീർ എംഎൽഎയുടെ മൊഴി അന്വേഷണ സംഘം എടുക്കുമെന്ന് പറഞ്ഞെങ്കിലും മൊഴി എടുക്കൽ നീണ്ടുപ്പോവുകയാണ്.  ആക്രമണത്തിന് പിന്നിൽ തലശ്ശേരി എം എൽ.എ എ.എൻ ഷംസീറാണെന്നും  അന്വേഷണ ഉദ്യോഗസ്ഥന് നാലാ തവണയും സി.ഒ.ടി നസീർ മൊഴി നൽകിയിരുന്നു. ഷംസീറിന്‍റെ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയതായും നാലാം തവണ മൊഴി രേഖപ്പെടുത്തിയ ശേഷം നസീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സി.ഒ.ടി നസീറിന്‍റെ തീരുമാനം

https://youtu.be/NO00wg87ldM