തിരുവനന്തപുരം പച്ചക്കറി കൃഷി സ്വയം പര്യാപ്ത ജില്ലയാക്കാന്‍ പദ്ധതി

സംസ്ഥാന കൃഷിവകുപ്പ്, ജില്ലാ ഭരണകൂടം, വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതി നടപ്പാക്കും. മന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും എന്ന ആശയം മുന്‍നിര്‍ത്തി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കര്‍മ്മപദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

പരമ്പരാഗത കാര്‍ഷിക വിളകളും ചെറുധാന്യങ്ങളും പരമാവധി സാധ്യമായ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നതിന് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കും. കൃത്യതാകൃഷി, മഴമറ എന്നിവയ്ക്ക് നഗരപ്രദേശങ്ങളില്‍ പ്രാധാന്യം കൊടുത്ത് എല്ലാ വീടുകളിലും പച്ചക്കറികൃഷി വ്യാപകമാക്കും. വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ ഇലക്കറികളുടെ പരമ്പരാഗത ഇനങ്ങള്‍ക്ക് പ്രചാരം നല്‍കും. ഇതിനുവേണ്ടി നടീല്‍ വസ്തുക്കള്‍ വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് വിതരണം നടത്തും. ഉത്പാദനത്തോടൊപ്പം വിപണനം, മൂല്യവര്‍ദ്ധനവ്, യന്ത്രവത്കരണം എന്നിവയ്ക്കു കൂടി പ്രാധാന്യം നല്‍കികൊണ്ടായിരിക്കും പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.

vegetables
Comments (0)
Add Comment