കുത്തനെ ഇടിഞ്ഞ് കറുത്ത പൊന്നിന്‍റെ വില; വിലയിടിവും ഉൽപാദനക്കുറവും കർഷകർക്ക് ഇരട്ടി പ്രഹരമാകുന്നു

കരുത്ത് കാട്ടി ഉയർന്ന് നിന്ന കറുത്ത പൊന്നിന്‍റെ വില കുത്തനെ ഇടിഞ്ഞു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

വിളവെടുപ്പിനോടടുക്കുമ്പോൾ ഹൈറേഞ്ചിൽ കുരുമുളക് ചെടികൾ വ്യാപകമായി മഞ്ഞളിപ്പ് ബാധിച്ച് കരിഞ്ഞുണങ്ങുന്നു. വിലയിടിവും ഉൽപാദനക്കുറവും തിരിച്ചടിയായതോടെ രോഗബാധയും കർഷകർക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. കുടിയേറ്റ കാലത്തിന്‍റെ രണ്ടാം ഘട്ടം മുതൽ ഹൈറേഞ്ചിലെ പ്രധാന വിളയാണ് കുരുമുളക്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കറുത്ത പൊന്ന് ഹൈറേഞ്ചിൽ നിന്നും പടിയിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെടികളിൽ തിരിയിടുന്ന സമയത്ത് വേണ്ട രീതിയിൽ മഴ ലഭിക്കാത്തതിനാൽ ഉൽപാദനത്തിലും കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടൊപ്പം തിരിയിട്ടതിന് ശേഷം ഉണ്ടായ ശക്തമായ മഴയിൽ കുരുമുളക് തിരികൾ വ്യാപകമായി പൊഴിഞ്ഞ് പോയതും ഉൽപാദന കുറവിന് പ്രധാന കാരണമായി. ഇതോടൊപ്പം കുരുമുളകിന്‍റെ വിലയും കുത്തനെ ഇടിഞ്ഞു. 700 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്നത് ഇപ്പോൾ 350 ൽ താഴെയാണ്. ഇതോടൊപ്പമാണ് കർഷകരുടെ പ്രതീക്ഷകൾ തകിടം മറിച്ച് കുരുമുളക് ചെടികൾക്ക് മഞ്ഞളിപ്പ് ബാധിച്ച് വ്യാപകമായി കരിഞ്ഞുണങ്ങിയത്. വിലയിടിവും രോഗബാധയും മൂലം കുരുമുളക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. കർഷകരെ സഹായിക്കുന്നതിന് സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ഉള്ള അടിയന്തിരമാർഗങ്ങൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്,

Pepper
Comments (0)
Add Comment