ഏലം കർഷകർ ദുരിതത്തില്‍; കൊവിഡിന് പിന്നാലെ കൃഷിനാശവും

കാലവർഷം കണ്ണീരിലാഴ്ത്തിയതിന്‍റെ വേദനയിൽ ഏലം കർഷകർ.  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാടായ ശക്തമായ കാറ്റിൽ ഏലച്ചെടികൾ നിലം പതിച്ചു. ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ പാറക്കടവിൽ വാതല്ലൂർ സോജുവിന്‍റെ പുരയിടത്തിലെ മുന്നൂറോളം ഏലച്ചെടികളാണ് കഴിഞ്ഞ ദിവസം കാറ്റിൽ നിലംപതിച്ചത്.

ഹൈറേഞ്ചിൽ കഴിഞ്ഞ പത്ത് ദിവസത്തോളം തുടർച്ചയായി പെയ്ത മഴക്ക് അൽപ്പം ശമനമുണ്ടായെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റ് വൻ നാശമാണ് സൃഷ്ടിച്ചത്. ഭൂരിഭാഗവും ഏലച്ചെടികളാണ്  കാറ്റിൽ നശിച്ചുപോയത്. കാമാക്ഷി പഞ്ചായത്തിലെ പാറക്കടവിൽ വാതല്ലൂർ സോജുവിന്‍റെ മൂന്നൂറോളം ഏലച്ചെടികൾ കാറ്റിൽ തകർന്നു വീണു. മികച്ച വിളവുള്ള ഇനം മുന്നൂറോളം ഏലച്ചെടികളാണ് സോജുവിന് നഷ്ടമായത്. ഏകദേശം മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സോജു പറഞ്ഞു. കാർഷിക മേഖലയിൽ നിന്ന് പൊതുവേ യാതൊരു വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ വളവും കീടനാശിനിയും വാങ്ങി കൃഷി പരിപാലിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് വൻ കൃഷി നാശം കൂടി ഉണ്ടായത്.

വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കാർഷിക മേഖലയിലേക്ക് മുടക്കി വിളവെടുപ്പിനായി കാത്തിരുന്ന പല കർഷകർക്കും പ്രകൃതിക്ഷോഭത്തിലൂടെ മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയായി. സർക്കാരിന്‍റെ അനുകൂല ഇടപെടൽ ഒന്നു  മാത്രമാണ് ഇനിയും ഈ കർഷകരുടെ പ്രതീക്ഷ.

Comments (0)
Add Comment