മന്ത്രിയുടെയും എംവിഡിയുടെയും നീക്കം പാളി; ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം

 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനഃരാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി സമരസമിതി. പോലീസ് സംരക്ഷയിലാണ് ഡ്രൈവിംഗ് ടെസ്റ്റ് പുനഃരാരംഭിക്കാന്‍ മന്ത്രി നിർദ്ദേശം നല്‍കിയത്. എന്നാല്‍ അപേക്ഷകർ എത്താതിരുന്നതും പ്രതിഷേധവും കാരണം ഇന്നും ടെസ്റ്റുകള്‍ തടസപ്പെട്ടു.  തൃശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളില്‍ സംയുക്ത സമരസമിതി പ്രതിഷേധം ആരംഭിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ തിരികെ മടങ്ങി.

തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.  തൃശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് സ്ളോട്ട് ലഭിച്ച 21 അപേക്ഷകരിൽ ആരും എത്തിയില്ല. റോഡ് ടെസ്റ്റിനായി മാത്രമായി ചിലർ എത്തിയിരുന്നു. എറണാകുളത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ നടന്നില്ല. അപേക്ഷകർ ആരും എത്താതിരുന്നതോടെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. കോഴിക്കോട് ആറാം ദിവസവും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സ്ലോട്ട് നൽകിയെങ്കിലും ആരും സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തിയില്ല. താമരശേരിയിൽ സമരക്കാർ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.

Comments (0)
Add Comment