ആമിന ഫിദയുടെ മൈക്രോ ഗ്രീൻ കൃഷിപാഠങ്ങള്‍…

ഈ കൊവിഡ് കാലത്ത് മൈക്രോ ഗ്രീൻ എന്ന കൃഷി രീതിയുടെ വലിയ പാഠങ്ങളാണ് ആമിന ഫിദ എന്ന ഏഴാം ക്ലാസുകാരി പഠിച്ചത്. സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിലെ ജേതാവ് കൂടിയാണ് തൃശൂർ വലപ്പാട് സ്വദേശിയായ ആമിന.

കൊവിഡ് കാലത്ത് വീട്ടിലേക്കുള്ള തോരൻ ആമിന വകയാണ്. അതും നല്ല പോഷക സമൃദ്ധമായത്.മൈക്രോ ഗ്രീൻസ് കൃഷിയിൽ വിത്തെറിഞ്ഞ് ഈ വീട്ടിലിരിപ്പ് കാലം പച്ച പിടിപ്പിക്കുകയായിരുന്നു ആമിന. മണ്ണ് ഇല്ലാതെ ചെയ്യുന്നതാണ് മൈക്രോ ഗ്രീൻസ് കൃഷി.മുളച്ചതിനു ശേഷം വളരെ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വിളവെടുക്കുന്ന ചെറു സസ്യങ്ങളാണ് മൈക്രോ ഗ്രീൻസ് എന്നറിയപ്പെടുന്നത്. സാധാരണയായി ധാന്യങ്ങൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ എന്നിവയാണ് സൗകര്യം. പയർ, മുതിര, ഗ്രീൻപീസ്, ഉഴുന്ന്, ഉലുവ, കടല, കടുക് എന്നിവയാണ് ആമിന കൃഷിക്ക് ഉപയോഗിച്ചത്.

മാതാവ് സാബിത മകൾക്ക് എല്ലാ വിധ പ്രോത്സാഹനവും നൽകുന്നു. തൃശ്ശൂർ വലപ്പാട് ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ആമിന ഫിദ. സഹോദരി ഫാത്തിമ ഫിദയാണ് കൃഷി പാഠങ്ങളിൽ ആമിനക്ക് കൂട്ട്.

Comments (0)
Add Comment