തൃശൂർ ജില്ലയിൽ 2470 പേരാണ് കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച 42 പരിശോധനാ ഫലവും നെഗറ്റീവാണ്. അതിനിടെ തൃശൂർ മെഡിക്കൽ കോളേജിൽ വൈറോളജി ലാബിന്‍റെ പ്രവർത്തനം തുടങ്ങിയത് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി.
വീടുകളിലാണ് 2425 പേർ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ 45 പേരുണ്ട്. 12 പേരെ ഇന്നലെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 5 പേരുടെ സാമ്പിളുകളാണ് പുതുതായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതു വരെ 306 പേരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. അതിനിടെ
കോവിഡ് 19 സ്ഥിരീകരിച്ച വിദേശി കുട്ടനെല്ലൂർ പൂരത്തിനിടെ ജനങ്ങളുമായി ഇടപഴകിയത് ആശങ്കയുണ്ടാക്കി. ഈ സാഹചര്യത്തിൽ തദ്ദേശനിവാസികളുടെ സംശയ നിവാരണത്തിനായി കുട്ടനെല്ലൂർ ക്ഷേത്രത്തിനടുത്ത് ആരോഗ്യവകുപ്പ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.
കഴിഞ്ഞ ദിവസം യുകെയിൽ നിന്ന് വന്ന പോസിറ്റീവ് ആയ വ്യക്തി സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഉണ്ടാക്കുകയും അതിനനുസരിച്ചുളള പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ പുലർത്തിയാൽ മതി.
തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കോവിഡ് 19 രോഗനിർണ്ണയ പരിശോധന ആരംഭിച്ചു. ഒരു ഷിഫ്റ്റിൽ 40 പേരുടെ രക്തസാമ്പിൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഒരു ദിവസം രണ്ട് ഷിഫ്റ്റ് വരെ ചെയ്യാൻ കഴിയും. ആറ് മണിക്കൂറിനകം പരിശോധന ഫലവും ലഭ്യമാകും.
https://youtu.be/w5A7TWZ0E0s