രാത്രികാല വ്യാപാരോത്സവത്തിനൊരുങ്ങി തൃശൂർ; ‘ഹാപ്പി ഡേയ്സ്’ ഡിസംബർ 15 മുതൽ ജനുവരി 15 വരെ

Jaihind News Bureau
Friday, December 6, 2019

ഒരു മാസം നീണ്ടു നിൽക്കുന്ന രാത്രികാല വ്യാപാരോത്സവത്തിന് തൃശൂർ ഒരുങ്ങുന്നു. സാമ്പത്തിക മാന്ദ്യത്തിൽ വലയുന്ന വ്യാപാര മേഖലക്ക് പുത്തൻ ഉണർവ് നൽകാൻ ഈ സംരംഭത്തിന് കഴിയും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് ഹാപ്പി ഡേയ്സ് എന്ന് പേരിട്ടിരിക്കുന്ന രാത്രികാല വ്യാപാരോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. തൃശൂർ കോർപ്പറേഷൻ, ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ 42 സംഘടനകളുടെ സംയുക്ത സംരംഭമാണ് ഹാപ്പി ഡേയ്സ്. മനോഹരമായ വൈദ്യുതി ദീപാലങ്കാരത്തോടെ നഗര വീഥികളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി വരെ സന്ദർശകർക്കായി തുറക്കും. വ്യത്യസ്തങ്ങളായ നിരവധി കലാപരിപാടികൾ വിവിധ വേദികളിൽ അരങ്ങേറും. ചലിച്ചു കൊണ്ടിരിക്കുന്ന വേദികളിലും പുതുമയുള്ള കലാരൂപങ്ങൾ ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. ഭക്ഷണ വൈവിധ്യങ്ങളുടെ കലവറ രുചി പ്പെരുക്കം തീർക്കും. സ്ത്രീകൾക്ക് മാത്രമായി ഒരുക്കുന്ന ഡി ജെ ഫ്ലോറാണ് മറ്റൊരു പ്രത്യേകത. നഗരത്തിൽ പൂന്തോട്ടങ്ങൾ ഒരുക്കി ആകർഷകമാക്കും. ഷോപ്പിംഗ് നടത്തുന്നവർക്ക് നൽകുന്ന കൂപ്പണുകളിലൂടെ കാറുകൾ, ബൈക്കുകൾ, ടി വി, ഫ്രിഡ്ജ് തുടങ്ങിയ നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഈ കാലയളവിൽ നടക്കുന്ന മെഗാ തിരുവാതിരക്കളി, ബോൺ നതാലെ എന്നിവ കൂടുതൽ ജനങ്ങളെ ആകർഷിക്കും. രണ്ടു കോടിയിൽ അധികം ആളുകൾ ഈ കാലയളവിൽ നഗരത്തിൽ എത്തുമെന്നാണ് സംഘാടകർ കണക്കു കൂട്ടുന്നത്.