പ്രായത്തിന്‍റെ കാര്യത്തിലെ സംശയത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനിയെ തടഞ്ഞു

Jaihind Webdesk
Tuesday, November 6, 2018

ദർശനത്തിനെത്തിയ സ്ത്രീയ്ക്ക് 50 വയസ്സിൽ താഴെയെന്ന സംശയത്തിനെ തുടര്‍ന്ന് നടപ്പന്തലില്‍ പ്രതിഷേധം. കുടുംബത്തോടൊപ്പം എത്തിയ തൃശൂര്‍ സ്വദേശിയായ സ്ത്രീയാണ് ഭക്തരുടെ പ്രതിഷേധത്തിന് ഇരയായത്. പിന്നീട് പൊലീസ് പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയതിനെ തുടര്‍ന്ന് ഭക്തര്‍ തന്നെ തീര്‍ത്ത സുരക്ഷാ വലയത്തിന് നടുവിലൂടെ ഇവര്‍ ദര്‍ശനം നടത്തി മടങ്ങി.

ഇരുമുടിക്കെട്ടില്ലാതെ ദർശനത്തിന് എത്തിയ തൃശൂര്‍ സ്വദേശിനി ലളിതയെ പ്രായത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് വലിയ നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ നാമജപവുമായി എത്തി തടഞ്ഞത്.വന്‍ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ശാരീരികാസ്വസ്ഥതകള്‍ നേരിട്ട സ്ത്രീയെ പൊലീസ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. പിന്നീട് പ്രായം സംബന്ധിച്ച അവ്യക്തതകള്‍ മാറിയതോടെ ഇവര്‍ ദർശനം നടത്തി മടങ്ങി. ഇരുമുടിക്കെട്ടില്ലാത്തതിനാൽ പതിനെട്ടാം പടി ചവിട്ടാതെ വടക്കേനടയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. പമ്പാ ഗണപതി ക്ഷേത്രത്തില്‍ മകന്‍റെ കുഞ്ഞിന്‍റെ ചോറൂണ് നടത്താനാണ് എത്തിയതെന്നും 50വയസ്സ് കഴിഞ്ഞതിനാല്‍ ശബരിമല ദര്‍ശത്തിന് തടസ്സമില്ലെ എന്നുള്ളതിനാലാണ് ദര്‍ശനത്തിന് എത്തിയതെന്നും ഇവര്‍ പറഞ്ഞു.

സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെയും തീര്‍ത്ഥാടകരുടെ പ്രതിഷേധമുണ്ടായി. എന്നാല്‍ പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതെങ്കിലും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും ആരോപണമുണ്ട്.