ദേവികുളത്ത് രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം

Jaihind Webdesk
Sunday, July 25, 2021

 

ഇടുക്കി : ദേവികുളം എംഎൽഎ എ രാജയ്ക്കെതിരായി പ്രവർത്തിച്ചുവെന്ന പരാതിയിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സി.പി.എം പാർട്ടിതല അന്വേഷണം. എ രാജയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ തോട്ടം മേഖലയിൽ ജാതി പറഞ്ഞ് പാർട്ടിയിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു.

എ രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണ്ഡലത്തിലെ പ്രമുഖ നേതാവായ എസ് രാജേന്ദ്രന്‍റെ അസാന്നിധ്യത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. കുറഞ്ഞത് പതിനയ്യായിരം വോട്ടുകൾക്ക് രാജ വിജയിക്കുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. എന്നാൽ ഭൂരിപക്ഷം 7,847 ൽ ഒതുങ്ങി. തെരഞ്ഞെടുപ്പിന് പിന്നാലെ ഡിവൈഎഫ്ഐയും രാജേന്ദ്രനെതിരെ നിലപാടെടുത്തു. തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമുയർന്നു.

തമിഴ് ഭൂരിപക്ഷ പഞ്ചായത്തായ മറയൂരിൽ രാജ പിന്നിൽ പോയി. കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിൽ ലീഡ് ലഭിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച വെക്കാനായില്ല. തമിഴ് വംശജർ കുറവുള്ള അടിമാലി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ രാജ മികച്ച ഭൂരിപക്ഷം നേടി. രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങൾ ബലപ്പെട്ടതോടെയാണ് വിഷയം അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി വർഗീസ്, വി.എൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല. സിപിഎം ഏരിയാ കമ്മിറ്റികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക.