പഞ്ചാബില്‍ ബിജെപി സ്ഥാനാർത്ഥിക്കെതിരെ സമരം ചെയ്ത കർഷകന്‍ മരിച്ചു | VIDEO

Jaihind Webdesk
Saturday, May 4, 2024

 

ചണ്ഡീഗഢ്: പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ സമരം ചെയ്ത കർഷകൻ മരിച്ചു. സുരേന്ദർ പാൽ സിംഗ് എന്ന കർഷകനാണ് മരിച്ചത്. പട്യാലയിലെ ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിനിടെ പരിക്കേറ്റ സുരേന്ദർ പാൽ സിംഗ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ രാജ്പുരയിൽ കർഷകർ പ്രതിഷേധ സമരം നടത്തി.

ബിജെപി സ്ഥാനാർത്ഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പഞ്ചാബിലുടനീളം സമരം ചെയ്യുകയാണ്. ഈ സമരത്തിനിടയിലേക്ക് കടന്നെത്തിയ പട്യാലയിലെ ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിനുമിടെയാണ് സുരേന്ദർ പാല്‍ സിംഗ് കുഴഞ്ഞുവീണ് മരിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

ബിജെപി സ്ഥാനാർത്ഥികള്‍ കർഷകരെ ഭീകരവാദികൾ എന്നു വിളിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അങ്ങനെയെങ്കില്‍ ഭീകരവാദികളുടെ വോട്ട് ബിജെപിക്ക് എന്തിനെന്ന ചോദ്യമുയർത്തിയാണ് കർഷകർ പ്രതിഷേധിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന് കിസാന്‍ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവന്‍ സിംഗ് പാന്ഥെർ പറഞ്ഞു.