ഇന്ദിരാഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയാണ് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കെ പി സി സി മുൻ പ്രസിഡന്റ് വി എം സുധീരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നമ്മുടെ നാടിന്റെ ഐക്യവും, ഇന്ദിരാഗാന്ധി ഉയർത്തി പിടിച്ച മതേതര മൂല്യങ്ങളും ഇന്ന് വലിയ വെല്ലുവിളിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
ഇന്ദിരാഗാന്ധി ദേശസാൽക്കരിച്ച ബാങ്കുകളെ ഇന്ന് മോദി സമ്പന്നർക്ക് കൊള്ളയടിക്കാൻ തുറന്ന് കൊടുത്തിരിക്കുകയാണെന്നു എം.എം ഹസ്സൻ പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ മുഖ്യ പ്രഭാഷണം നടത്തി.
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് സേവാ ദളിന്റെ ആഭിമുഖ്യത്തിൽ കെ പി പി ആസ്ഥാനത്തു രക്ത ദാന പരിപാടി നടത്തി. കെ പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തന്നെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് മഹത്തരമെന്ന് മുല്ലപ്പള്ളി പറഞ്ഞു.