കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം നൽകാനുളള പണം കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഗതാഗതമന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം നൽകാനുളള പണം ദിവസ വരുമാനത്തിൽ നിന്നും സർക്കാർ സഹായത്തിൽ നിന്നും കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഗതാഗതമന്ത്രി സഭയിൽ. ഷെഡ്യൂളുകൾ കുറച്ചത് വരുമാനത്തെ ബാധിച്ചെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

ശമ്പളവും വേതനവും നൽകാൻ കെഎസ്ആർടിസിക്ക് 84 കോടിയാണ് പ്രതിമാസം വേണ്ടത്. വരുമാനത്തിൽ നിന്ന് മിച്ചം പിടിക്കുന്ന 30 കോടിയും, സർക്കാർ നൽകുന്ന വായ്പയും ചേർത്താലും മാസ അവസാനം 46 കോടി മാത്രമേ കിട്ടൂ. തൊട്ടടുത്ത മാസത്തെ 10 ദിവസത്തെ വരുമാനം കൂടി ഉപയോഗിച്ച് 73 കോടി തികച്ചാണ് വല്ല വിധേനയും ശമ്പളം നൽകി വരുന്നതെന്നും ചിറ്റയം ഗോപകുമാറിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പ്രളയം കൊണ്ട് സർവീസുകൾ താറുമാറായതും ഡ്രൈവർമാരുടെ കുറവ് കൊണ്ട് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതും വരുമാനം കുറച്ചു.

ഒരുമാസം ശരാശരി 355 ഷെഡ്യൂളുകൾ താൽക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2861 കോടിയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയിട്ടുളളത്. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകിയതി വഴി 35കോടിയും ബസുകൾ വാങ്ങിയ വകയിൽ 5 കോടിയും പാസ് നൽകിയ വകയിൽ 129 കോടിയുടേയും ബാധ്യത കെഎസ്ആർടിസിക്കുണ്ടി. പങ്കാളിതിത പെൻഷനിലെ വിഹിതം നൽകുന്നതിന് 119 കോടി ഇനിയും ആവശ്യമുണ്ട്. പ്രതിദിനം 2.9 കോടിയാണ് ചെലവ്. ഇന്ധനവിലയിൽ നേരത്തെ വന്ന വ്യതിയാനം കൊണ്ട് 54 കോടി അധിക ബാധ്യതയും ഉണ്ട്. 135 കോടി രൂപ ഇന്ധന ക്രെഡിറ്റ് നിലനിൽക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി സഭയെ അറിയിച്ചു.

Comments (0)
Add Comment