കാട്ടാനയുടെ ചവിട്ടേറ്റ് യുവതിയുടെ മരണം : റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ  നിർദേശം ; സുരക്ഷാവീഴ്ച അന്വേഷിക്കും

Jaihind News Bureau
Sunday, January 24, 2021

 

വയനാട് : മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ  നിർദേശം. സുരക്ഷാ പ്രശ്നങ്ങളുള്ള മറ്റ് റിസോർട്ടുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.  മേപ്പാടിയിലെ റിസോർട്ടിലെ ടെന്‍റില്‍ തങ്ങിയ കണ്ണൂർ സ്വദേശി ഷഹാന (26)യാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. റിസോർട്ടിലെ ടെന്‍റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.