ദുബായില്‍ വാഹനാപകടത്തില്‍ 17 മരണം; മരിച്ചവരില്‍ ആറ് മലയാളികളും; 4 പേരെ തിരിച്ചറിഞ്ഞു

Friday, June 7, 2019

ദുബായിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചു കയറി 17 യാത്രക്കാർ മരിച്ചു. മരിച്ച 17 പേരിൽ പത്ത് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതിൽ ആറ് പേർ മലയാളികളാണ്.  മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ആറു പേർക്കു പരുക്കേറ്റു.

ഒമാനിൽ നിന്ന് ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു. 7 രാജ്യങ്ങളിൽ നിന്നുള്ള 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിലാണ് അപകടം. ബസ് പൂർണ്ണമായും തകർന്നു. ബസിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഈദ് അവധി ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് ദുബായിലേക്ക് മടങ്ങിയവരായിരുന്നു.