മികച്ച ഭൂരിപക്ഷത്തില്‍ ‘തൃശൂരങ്ങെടുത്ത്’ ടി.എന്‍ പ്രതാപന്‍; സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്

Jaihind Webdesk
Thursday, May 23, 2019

തൃശൂരിനെ അങ്ങനെയങ്ങ് എടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മറുപടി നല്‍കി യു.ഡി.എഫ്. മികച്ച ഭൂരിപക്ഷത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ വിജയപഥത്തിലെത്തിയത്. മതനിരപേക്ഷതയുടെ വിജയമാണ് തൃശൂരില്‍ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു തൃശൂര്‍ ലോക്സഭാ മണ്ഡലം. സുരേഷ് ഗോപിയെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. താരപരിവേഷം പ്രചാരണവേളയില്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഒരു ഘട്ടത്തില്‍ പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന് വെല്ലുവിളിയാകാന്‍ സുരേഷ് ഗോപിക്കായില്ല.

പ്രചാരണത്തിനിടെ ‘തൃശൂര്‍ എനിക്ക് വേണം, തൃശൂരിനെ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ പ്രസംഗത്തിന് പിന്നാലെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ജയം ഉറപ്പിച്ചതോടെ ടി.എന്‍ പ്രതാപന്‍ സുരേഷ് ഗോപിക്ക് മറുപടി നല്‍കി. തൃശൂര്‍ക്കാര്‍ തൃശൂരിനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ലെന്ന് പ്രതാപന്‍ പ്രതികരിച്ചു.

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും പ്രതാപന് അടുത്തെത്താന്‍ സുരേഷ് ഗോപിക്കായില്ല. തുടക്കത്തില്‍ മാത്രം ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ലീഡ് നേടിയെങ്കിലും പിന്നീട് വ്യക്തമായ ലീഡോടെ ടി.എന്‍ പ്രതാപന്‍റെ മുന്നേറ്റമാണ് കണ്ടത്. തൊട്ടടുത്ത ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ഒരു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രതാപന്‍ നേടിയത്. സുരേഷ് ഗോപിയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.