
ആന്തൂരിലെ വ്യവസായിയുടെ മരണത്തിൽ പി.കെ. ശ്യാമളയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ. സാജന്റെ മരണത്തിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് പറഞ്ഞ കാരണത്താലാണ് തങ്ങളെ വേട്ടയാടുന്നതെന്നും വളരെ പ്രധാനപ്പെട്ട ചില രേഖകൾ ഓഫീസിൽ നിന്ന് കാണാതായിട്ടുണ്ടെന്നും അതിനൊക്കെ ഉപയോഗിച്ച ആളുകൾ ഇപ്പോഴും അവിടെ ഉണ്ടെന്നും ടി.കെ. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ആന്തൂരിലെ സാജന്റെ മരണം വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. അന്ന് ഏരിയാ കമ്മിറ്റിയുടെ ചുമതല എനിക്കായിരുന്നു. ജനങ്ങളാകെ അക്രമാസക്തരായി നിൽക്കുകയാണ്. ശ്യാമള ടീച്ചറാണ് സാജന്റെ മരണത്തിന് ഉത്തരവാദി എന്ന് വ്യാപകമായി വന്നു. വൈസ് ചെയർമാനായിരുന്ന ശ്യാമള ടീച്ചർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത രീതിയിലുള്ള പ്രചരണമാണ് ഉയർന്നു വന്നത്. വൈസ് ചെയർമാനെ രക്ഷിക്കാൻ തുടങ്ങിയാൽ നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ നേരെ തിരിയും. ആ നിലയിലായിരുന്നു അവിടത്തെ അന്നത്തെ സാഹചര്യം.
കാര്യങ്ങൾ വിശദീകരിക്കാൻ പൊതുയോഗം വിളിച്ചു ചേർത്തു. പി. ജയരാജൻ, എം.വി. ജയരാജൻ, ജെയിംസ് മാത്യു ഞാൻ എന്നിവരായിരുന്നു പ്രസംഗിക്കാനുണ്ടായിരുന്നത്. പൊതുയോഗത്തിൽ ശ്യാമളെ ന്യായീകരിച്ചാൽ നടത്താൻ കഴിയില്ല. കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി ഉണ്ടാകും എന്ന് പി. ജയരാജൻ പ്രസംഗിച്ചു. വെറുതെ പോകില്ല, ശക്തമായ നടപടി ഉണ്ടാകുമെന്ന് ഞങ്ങളും ജനങ്ങളോട് പറഞ്ഞു. ആ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഞങ്ങളെല്ലാവരും ഗോവിന്ദന്റെ നോട്ടപ്പുള്ളിയായി.
‘ഞാൻ ഇവിടെ കസേരയിൽ ഇരിക്കുന്നെങ്കിൽ കൊടുക്കില്ല’ എന്ന് സാജനോട് അവർ പറഞ്ഞ കാര്യം സഖാക്കളും മുൻസിപ്പാലിറ്റിയിലുള്ള ആളുകളും അറിഞ്ഞതായി അങ്ങാടി പാട്ടാണ്. അത് കേട്ട് നിരാശനായാണ് സാജൻ അവിടെനിന്ന് ഇറങ്ങിപ്പോയത്.
സംഭവത്തിൽ പിന്നീട് പോലീസ് അന്വേഷണ കമ്മിഷനെ വെച്ചു. എന്നാൽ ടീച്ചർക്ക് ഒന്നിലും ഉത്തരവാദിത്തമില്ലെന്ന റിപ്പോർട്ട് ആണ് തയ്യാറാക്കിച്ചത്. പി.കെ. ശ്യാമള കുറ്റക്കാരിയല്ലെന്നാണ് പോലീസ് കണ്ടെത്തിയത്. വളരെ പ്രധാനപ്പെട്ട ചില രേഖകൾ കാണാതായിട്ടുണ്ട് എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനൊക്കെ ഉപയോഗിച്ച ആളുകൾ ഇപ്പോൾ അവിടെ ഉണ്ട്.സാജന്റെ മരണം ഉണ്ടാക്കിയ ജനവികാരത്തെ ശമിപ്പിക്കാൻ നടപടി ഉണ്ടാകും എന്ന് പറയുക മാത്രമായിരുന്നു വഴി. അതിന്റെ പേരിൽ നടപടി ഉണ്ടാകുമെന്ന് പറഞ്ഞ ആളുകളുടെ പേരിലാണ് നടപടി ഉണ്ടായത്. പാർട്ടിയിൽ ഒരു കാലത്തും ഉണ്ടാകാൻ പാടില്ലാത്ത ഒരു പ്രവണതയാണ് തളിപ്പറമ്പിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെയാണ് ഞാൻ ചോദ്യം ചെയ്തിട്ടുള്ളത്. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് എന്നോട് ഇവർക്ക് ഉണ്ടായ വിരോധം’- ടി.കെ. ഗോവിന്ദൻ പറഞ്ഞു.