പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് പിണറായി സര്‍ക്കാര്‍ ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ടതെന്നു മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നീ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നില്‍. വിജിലന്‍സ് അന്വേഷണം നടത്തി നേതാക്കള്‍ക്കെതിരേ തെളിവുകളൊന്നും കണ്ടെത്താതെ ഇവരെ കുറ്റവിമുക്തരാക്കിയതാണ്. അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്ന വിവിധ രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അതിനൊന്നും പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ടതിനാലാണ് ഈ കേസ് മാത്രം സി.ബി.ഐക്ക് വിട്ടത്. ലാവിലിന്‍ അഴിമതിക്കേസ് സി.ബി.ഐക്ക് വിട്ടതിലുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരം കൂടിയാണ് ഇതിന് പിന്നില്‍.
ഈ കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള തീരുമാനത്തിന് പിന്നില്‍ ബി.ജെ.പി. സി.പി.എം അവിശുദ്ധക്കൂട്ടുകെട്ടുമുണ്ട്്. രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കുന്ന നരേന്ദ്ര മോദിയുടെ ശൈലിയാണ് പിണറായി വിജയന്റേതും. കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരത്തേയും ഡി.കെ.ശിവകുമാറിനേയും നരേന്ദ്ര മോദി സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു പ്രതികാരം വീട്ടുന്നതിന്റെ ആവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയക്കും എതിരേയുള്ള മുഖ്യമന്ത്രിയുടെ നടപടി.
തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ പ്രതികളാക്കി തേജോവധം ചെയ്യുകയാണ്. ഏതുതരം അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി.ബി.ഐയെ സ്വാധീനിച്ച് ഈ കേസില്‍ നേതാക്കളെ കുറ്റക്കാരാക്കാനുള്ള ഗൂഢാലോചനയും പിണറായി വിജയന് നടത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും എം.എം.ഹസ്സന് പറഞ്ഞു.
ഡി.ജി.പിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കിയതും മുഖ്യമന്ത്രിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇടതു മുന്നണിയേയും സി.പി.എമ്മിനേയും ശക്തമായി എതിര്‍ക്കുന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നടപടി സ്വീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രചോദനം. പോലീസ് മേധാവിയെ വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. പോലീസിനെ ആക്രമിക്കുകയും അവരുടെ അഭിമാനം വ്രണപ്പെടുത്തുകയും ചെയ്തതിന് കേസെടുക്കുകയാണെങ്കില്‍ കൂടുതല്‍ കേസുകള്‍ എടുക്കേണ്ടി വരിക മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെയായിരിക്കും ഹസ്സന് പറഞ്ഞു. യു.ഡി.എഫ് നേതാക്കളെ കേസുകളില്‍ കുടുക്കി രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി രംഗത്തുവരുമെന്ന് ഹസ്സന് പറഞ്ഞു.