പാലായില്‍ ബി.ജെ.പി ഇടതുമുന്നണിക്ക് വോട്ട് മറിച്ചതായി ആരോപണം | Video

Jaihind Webdesk
Friday, September 27, 2019

പാലായിൽ ബി.ജെ.പി വോട്ട് എൽ.ഡി.എഫിന് മറിച്ചതായി ആരോപണം. വോട്ട് കച്ചവടം നടന്നതായി ബി.ജെ.പി നേതാക്കൾ തന്നെ പറയുമ്പോൾ എൽ.ഡി.എഫിനാണ് ആ വോട്ടുകൾ ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബി.ഡി ജെ എസും എൽ.ഡി.എഫിന് വോട്ട് മറിച്ചു.

പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ വിജയം ബി.ജെ.പി വോട്ടുകള്‍ കരസ്ഥമാക്കിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പാലായില്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ നേടിയ വോട്ടുകളും ഈ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി.ജെ.പിയിലെ എന്‍ ഹരി നേടിയത് 24,821 വോട്ടുകളാണ്. ഇത്തവണ അതേ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാകട്ടെ 18,044 വോട്ടുകള്‍ മാത്രമാണ്.

10 ശതമാനത്തിലേറെ വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയില്‍ നിന്നും എല്‍.ഡി.എഫിലേക്ക് എത്തിയത്. ഏഴായിരത്തോളം വോട്ടുകളാണ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് പോയത്. ബി.ജെ.പി ഘടകകക്ഷിയായ ബി.ഡി.ജെ.എസാണ് എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലുള്ള പാലമായി പ്രവർത്തിച്ചത്. തുഷാർ വെള്ളാപ്പള്ളിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ദുബായില്‍ തുഷാറിന്‍റെ അറസ്റ്റും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍രെ അടിയന്തര ഇടപെടലും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

അതേസമയം 2016 നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന്‍റെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബി.ഡി.ജെ.എസിന്‍റെ വോട്ട് തനിക്ക് കിട്ടിയെന്ന് മാണി സി കാപ്പന്‍ തന്നെ പരസ്യമായി പറഞ്ഞതാണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഘടകക്ഷിയുടെ വോട്ട് ഇടകുമുന്നണിക്ക് ലഭിച്ചതായി സ്ഥാനാര്‍ത്ഥി തന്നെ തുറന്നുപറയുമ്പോള്‍ അണിയറയില്‍ അരങ്ങേറിയ തിരക്കഥ വ്യക്തമാണ്. ചുരുക്കത്തില്‍ പാലായിലെ വിജയത്തില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ കഴിയില്ല. ബി.ജെ.പിയുടെ വോട്ട് വാങ്ങി വിജയിക്കേണ്ട ഗതികേടിലായിക്കഴിഞ്ഞു കേരളത്തിലെ ഇടതുമുന്നണി.

https://www.youtube.com/watch?v=JH8xvYeF_BY