ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവ് ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തി. ബദ്ധവൈരികളായ എസ്പിയുമായി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു.
ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി മഹാസഖ്യത്തെ തേജസ്വി സ്വാഗതം ചെയ്തു. എല്ലാം സീറ്റിലും ജയിക്കാൻ സഖ്യത്തിനു കഴിയുമെന്ന് തേജസ്വി പ്രതീക്ഷ പ്രകടിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ ബിഹാറിലെ പോലെ പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടുകൾക്കെ കഴിയുകയുള്ളുവെന്ന് തന്റെ അച്ഛൻ ലാലു പ്രസാദ് പറയാറുണ്ടെന്ന് തേജസ്വി പറഞ്ഞു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-ആർജെഡി-കോണ്ഗ്രസ് കൂട്ടുകെട്ട് ബിജെപിയെ വീഴ്ത്തിയിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രി നിതീഷ് ആർജെഡിയുമായി ഇടഞ്ഞ് ബിജെപിയുമായി കൂട്ടുചേർന്നു സർക്കാർ രൂപീകരിക്കുകയായിരുന്നു.
നിലവിൽ കോണ്ഗ്രസ്, ആർജെഡി, ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി, ഹിന്ദുസ്ഥാനി അവാം മോർച്ച, മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി എന്നീ കക്ഷികൾ ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമാണ്. തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്.