നെയ്തലക്കാവ് ഭഗവതി വടക്കുംനാഥന്‍റെ തെക്കേ ഗോപുര നടതള്ളിത്തുറന്നതോടെ തൃശൂർ പൂരത്തിന്‍റെ വിളംബരമായി. ജനസാഗരത്തെ സാക്ഷിയാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. നാളെ രാവിലെ മുതൽ പൂരം.
ആയിരങ്ങളാണ് വിളംബരത്തിനായി തൃശൂർ പൂര നഗരിയിൽ എത്തിച്ചേർന്നത്. വിലക്ക് മറികടന്ന് തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാനായി രാവിലെ മുതൽ വടക്കുംനാഥന് മുന്നിൽ ഇവർ കാത്തുനിന്നിരുന്നു. തുടർച്ചയായ ആറാം വർഷമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ദേവിയുടെ തിടമ്പേറ്റുന്നത്.
മോണിറ്ററിംഗ് കമ്മിറ്റി അനുവദിച്ച ഒരു മണിക്കൂറിനകം മണികണ്ഠൻനാലില്‍ നിന്നും തെച്ചികോട്ട് ദേവീദാസൻ കൈമാറിയ നെയ്തലമ്മകാവ് ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടവഴി കയറിയ രാമചന്ദ്രൻ തെക്കേ നട തള്ളിത്തുറന്ന് പുറത്തെത്തും വരെ രാമന് ജയ് വിളികളാണ് പൂരപ്പറമ്പിൽ നിന്നും ഉയർന്നുകേട്ടത്. നെയ്തലക്കാവിൽനിന്നു തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് പകരം തെച്ചിക്കോട്ടുകാവിൽ നിന്ന് ലോറിയിലാണ് മണികണ്ഠനാൽ പരിസരത്ത് രാമചന്ദ്രനെ എത്തിച്ചത്. 2.10 കോടി രൂപയ്ക്കാണ് ഈ ചടങ്ങിനായി മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇൻഷുർ ചെയ്തത്.
കർശന സുരക്ഷയ്ക്ക് നടുവിലും ജനങ്ങളെ നിയന്ത്രിക്കാൻ പേലീസിന്ഏറെ പാടുപെടേണ്ടി വന്നു. മന്ത്രി വി.എസ് സുനിൽകുമാർ, ഡി.സി.സി പ്രസിഡന്‍റ് ടി.എൻ പ്രതാപൻ, ബി ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും പൂരനഗരിയിൽ ജനസാഗരത്തെ നിയന്തിക്കാനായി എത്തിയിരുന്നു. തിരുവമ്പാടി വിഭാഗത്തിന്‍റെ ചമയ പ്രദര്‍ശനവും ഇന്ന് നടക്കും. ഇന്നലെ തുടങ്ങിയ പാറമേക്കാവിന്‍റെ ചമയ പ്രദര്‍ശനം ഇന്നും തുടരും. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ വിദഗ്ധ പരിശോധനയും ഇന്ന്നടക്കും.