ആവശ്യമെങ്കില്‍ മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാം; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം: എ.ജിയുടെ നിയമോപദേശം

Jaihind Webdesk
Friday, May 10, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ തൃശൂർ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് നിയമോപദേശം. ഇതുസംബന്ധിച്ച് സർക്കാ‍റിന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം കൈമാറി. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ കീഴ്‌വഴക്കമാക്കരുതെന്നും നിയമോപദേശത്തിൽ പറയുന്നു.

ആവശ്യമെങ്കിൽ മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് കൈമാറിയ നിയമോപദേശത്തിൽ പറയുന്നത്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണം. ജനങ്ങളെ സുരക്ഷിതമായ അകലത്തില്‍ നിർത്തണം, ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം തുടങ്ങിയ കർശന നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതു താത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് കീഴ്വഴക്കമാക്കരുതെന്നും എന്നും എ.ജി സി.പി സുധാകരപ്രസാദ് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉത്തരവാദിത്വം ആനയുടെ ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമസ്ഥരിൽ നിന്ന് എഴുതി വാങ്ങണം. ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. നാട്ടാന പരിപാലന ചട്ടം പാലിക്കണം തുടങ്ങിയവയാണ് നയമോപദേശത്തിലെ മറ്റ് നിർദേശങ്ങൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് മുന്നോടിയായുള്ള തെക്കേഗോപുര നട തുറക്കല്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമോപദേശം പ്രസക്തമായത്. കളക്ടര്‍ അധ്യക്ഷനായ സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് വിഷയം വീണ്ടും കളക്ടറുടെ മുന്നിലെത്തിയത്.