‘സ്വന്തം പൗരന്മാരോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണിത്’ : തൊഴിലാളികളുടെ പലായനത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

നഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നടത്തുന്ന കൂട്ട പലായനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം പൗരന്മാരോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണിത്. തൊഴിലാളികള്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങാനുള്ള സംവിധാനം ഏർപ്പെടുത്താത്ത സർക്കാര്‍ നടപടി നാണക്കേടുണ്ടാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

‘ഈ ഭീകരമായ അവസ്ഥയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. സ്വന്തം പൌരന്മാരുടെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. ഈ ദുരിതത്തിന്‍റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. ഇത് ഒരു വലിയ ദുരന്തത്തിലേക്ക് എത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

തൊഴിലാളികള്‍ നേടിടുന്ന ദുരിതം വ്യക്തമാക്കുന്ന വീഡിയോയും ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. സ്വന്തം നാടുകളിലേക്ക് പോകുന്നതിന് വേണ്ടി ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം ആയിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെടുകയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്ത ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ്. സ്വന്തം പൗരന്മാരെ ഇത്തരത്തില്‍ പരിഗണിക്കുന്നത് ലജ്ജാകരമാണ്. ഇവരെ നാടുകളിലെത്തിക്കാന്‍ സര്‍ക്കാരിന് പദ്ധതികളൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

“സര്‍ക്കാര്‍ ഒരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോവുകയാണ്. ഇവിടെ കിടന്നാല്‍ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കും” എന്നായിരുന്നു തൊഴിലാളികളുടെ പ്രതികരണം.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വരാനിരിക്കുന്ന ദുരന്തത്തെ ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി സ്ത്രീകളും കുട്ടികളും വൃദ്ധരും അനുഭവിക്കുന്ന ദുരവസ്ഥയും യാത്രാ ദുരിതവും പ്രിയങ്ക പങ്കുവച്ചിരുന്നു.

 

 

 

Comments (0)
Add Comment