തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണം; അദാനിക്ക് നല്‍കിയത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 20, 2020

തിരുവനന്തപുരം:  വ്യോമയാന മേഖലയില്‍ ഒരു പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നല്‍കിയത് ഒരു കാരണവശാലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  സര്‍വ്വ കക്ഷി യോഗത്തില്‍ പറഞ്ഞു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിജയകരമായും ലാഭകരമായും നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മേല്‍നോട്ടം  സംസ്ഥാന സര്‍ക്കാരിനു തന്നെ നല്‍കണം. ഇക്കാര്യം സംയുക്തമായിതന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി  വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിളിച്ചു  ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും സ്വകാര്യഗ്രൂപ്പിന് വിമാനത്താവളം നല്‍കുന്നതിലുള്ള പ്രതിഷേധം വ്യാപകമാവുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ചുകൊണ്ടാണ് ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാത്ത അദാനിക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം തിരുത്താന്‍ കേന്ദ്രത്തിന് ഇനിയും സമയമുണ്ട്. ഇതുസംബന്ധിച്ച് കോടതിയില്‍ വ്യവഹാരം ഉള്ളതിനാല്‍ വിമാനത്താവളം ഉടന്‍ കൈമാറാനാകില്ല. ഡല്‍ഹിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കത്ത് മുഖാന്തിരം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് 24 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ വീണ്ടും സംയുക്ത പ്രമേയം കൊണ്ടുവരാമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നുതായും രമേശ് ചെന്നിത്തല പറഞ്ഞു.

വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വളരെയേറെ സാധ്യതകളാണ് ഉള്ളത്. വിദേശവിമാനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഇന്ധനം  നിറക്കാനുള്ള  ഇടത്താവളമായും  അവയ്ക്് ധാരാളമായി  വന്നുപോകാന്‍ കഴിയുന്ന സ്ഥലമായും തിരുവനന്തപുരം വിമാനത്താവളത്തെ പ്രയോജനപ്പെടുത്താനാകും. ഇപ്പോള്‍ ഈ സൗകര്യം ശ്രീലങ്കയാണ് ഉപയോഗപ്പെടുത്തിവരുന്നത്. വിമാനത്താവളം സര്‍ക്കാരിന്റെ കീഴില്‍ ലഭ്യമാകുന്നതോടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഇതു വികസിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രാജഭരണകാലത്ത് ആരംഭിച്ച വിമാനത്താവളം സ്വാകര്യകമ്പനിക്ക് വിട്ടുകൊടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് സംസാരിച്ച ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. ഇത് ഫെഡറല്‍വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.