സിപിഎം നേതാവിന്‍റെ നേതൃത്വത്തില്‍ വീടാക്രമിച്ച കേസ് : പ്രതികളെ സന്ദര്‍ശിച്ച് ജില്ലാ സെക്രട്ടറി ; ഇരകളെ തിരിഞ്ഞു നോക്കിയില്ല

 

പത്തനംതിട്ട : തിരുവല്ല കുറ്റൂരില്‍ വീടാക്രമിച്ച് മതില്‍ പൊളിച്ച കേസിലെ പ്രതികളെയും ബന്ധുക്കളേയും സന്ദര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. ആക്രമണത്തിനിരയായ വീട്ടിലേക്ക് നേതാവ് തിരിഞ്ഞു നോക്കിയില്ല. സിപിഎം ഏരിയക്കമ്മിറ്റി യോഗം ചേരും മുമ്പായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും മുന്‍ സെക്രട്ടറി എന്‍.അനന്തഗോപനും സംഭവസ്ഥലത്തെത്തിയത്.

സിപിഎം പ്രവര്‍ത്തകര്‍ ക്വട്ടേഷനെടുത്ത് മതില്‍ പൊളിച്ചെന്ന ആരോപണം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. സംഭവസ്ഥലത്തെത്തിയ ജില്ലാ സെക്രട്ടറി മതില്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് ആരോപണം നേരിടുന്നവരേയും പ്രതിപ്പട്ടികയിലുള്ളവരേയും ബന്ധുക്കളേയും നേരിട്ട്കണ്ട് പരാതി കേട്ടു.

തിരുവല്ല കുറ്റൂർ തെങ്ങേലി രമണന്റെ വീടാണ് ആക്രമിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി എത്തിയത്. ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. തടയാൻ ചെന്ന വീട്ടുടമയെ വെട്ടി . വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു . ഗർഭിണിയായ മരുമകളേയും ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയമെല്ലാം പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു.

പൊലീസെത്തിയെങ്കിലും ഇടപെട്ടില്ലെന്നാണ് ആരോപണം. പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രമണന്റെ വീടിന് പിന്നിലുളള അഞ്ച് വീട്ടിലേക്കാണ് മരങ്ങളടക്കം പിഴുത് വഴി വെട്ടിയത്. 30 വർഷമായി വഴിത്തർക്കമുണ്ടെന്ന് പിന്നിലെ വീട്ടുകാർ പറഞ്ഞു. പിന്നിലെ അഞ്ച് വീട്ടുകാരും സിപിഎം പ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് രമണന്‍റെ പരാതി. സ്ഥലത്ത് നിന്ന് ഉപേക്ഷിച്ച വടിവാൾ കണ്ടെത്തി. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു.

Comments (0)
Add Comment