കെ. സുധാകരൻ എം.പിയുടെ ഇടപെടല്‍: ഇന്ത്യയില്‍ ആദ്യത്തെ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് കണ്ണൂർ എയർപോർട്ടിൽ പ്രവര്‍ത്തനസജ്ജം | VIDEO

 

ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ മുൻകൈയ്യെടുത്താണ് തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് സംവിധാനം എയർപോർട്ടിൽ സ്ഥാപിക്കുന്നത്. തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റിന്‍റെ ഉദ്ഘാടനം കെ. സുധാകരൻ എം.പി നിര്‍വ്വഹിച്ചു.

കണ്ണൂർ എം.പി.ഓഫീസും പി.ഐ ഇന്ത്യ നാഷണൽ കോഡിനേറ്ററും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ കൺവീനറുമായ അനിൽ ആന്‍റണിയുമായുള്ള കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്യൂരി കോർപ്പെന്ന കമ്പനിയെ ബന്ധപ്പെട്ട് ഉപകരണത്തിന്‍റെ ലഭ്യതയെ കുറിച്ച് അന്വേഷിക്കുകയും കണ്ണൂരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തത്.

കൊവിഡ് പാശ്ചാത്തലത്തിൽ  പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് കേരള സർക്കാരിന് ഉണ്ടാക്കുന്ന ആശയക്കുഴപ്പവും മറ്റ് വെല്ലുവിളികളും ഉയർത്തുന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും വലിയ ആശ്വാസം നല്കുന്നതാണ് ആധുനികമായ ഇത്തരം സംവിധാനം. വിദേശ എയർപോർട്ടുകളിൽ ശരീര താപനില പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്ക്രീനിങ് സംവിധാനമാണ് ഇത്.

എയർപോർട്ടുകളിൽ ചില യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ് മരുന്നുകൾ ഉപയോഗിച്ച് ശരീര താപനിലയിൽ വ്യതിയാനം വരുത്തി പോകുന്നത് പലപ്പോഴും ആരോഗ്യ പ്രവർത്തകർക്ക് ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും ഏറെ ഫലപ്രദമാണ് ഈ ഉപകരണം.

ഒരു സമയം തന്നെ പത്തിൽ കൂടുതൽ ആളുകളെ പത്തു മീറ്റർ ദൂരത്തു നിന്ന് പോലും ശരീര ഊഷ്മാവ് തിരിച്ചറിയാൻ സാധിക്കുന്ന ഈ ഹൈടെക് ഉപകരണം ലക്ഷങ്ങൾ വിലമതിക്കുന്നതാണ്. യാത്രക്കാർ താപനില പരിശോധന നടത്താൻ വേണ്ടി ക്യു നിൽക്കുന്നത് ഇത്തരം ആധുനിക ഉപകരണം ഉള്ളത് മൂലം ഒഴിവാക്കുവാനും കൂടുതൽ വേഗത്തിൽ യാത്രക്കാരുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുവാനും സഹായിക്കും.

Comments (0)
Add Comment