സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി. പിന്നീട് തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറു മണിക്ക് മുമ്പ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്. പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കാണ്.

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment