അയോധ്യയില്‍ പുനഃപരിശോധനയില്ല ; ഹർജികള്‍ തള്ളി

Jaihind News Bureau
Thursday, December 12, 2019

Ayodhya-Ramjanmbhoomi-SC

അയോധ്യ കേസിലെ പുനഃപരിശോധനാ ഹർജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്.

18 പുനഃപരിശോധനാ ഹർജികളില്‍ എട്ടെണ്ണെം കേസില്‍ കക്ഷികളായിരുന്നവര്‍ നല്‍കിയ ഹര്‍ജികളാണ്. കേസുമായി ബന്ധമില്ലാത്തവരില്‍ നിന്നായിരുന്നു ബാക്കി പത്ത് ഹർജികള്‍. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ,  ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. രണ്ടര മണിക്കൂര്‍ വാദം കേട്ട ശേഷമാണ് ഹര്‍ജികള്‍ കോടതി തള്ളിയത്.

തർക്കഭൂമിയില്‍ ക്ഷേത്രം നിർമിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ മാസം 9 നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.  2.77 ഏക്കര്‍ തര്‍ക്കഭൂമി മുഴുവന്‍ ക്ഷേത്ര നിർമാണത്തിന് നല്‍കിക്കൊണ്ടായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. മുസ്‌ലിം പള്ളി നിര്‍മിക്കുന്നതിന് അയോധ്യയില്‍ 5 ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിനു നല്‍കാനും കോടതി വിധിച്ചു. ഈ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ഇപ്പോള്‍ കോടതി തള്ളിയത്.