Ayodhya Verdict : എം സ്വരാജ് എം.എല്‍.എക്കെതിരെ ഡി.ജി.പിക്ക് പരാതി

Jaihind Webdesk
Saturday, November 9, 2019

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അഭിപ്രായം പങ്കുവെച്ച എം സ്വരാജ് എം.എല്‍.എക്കെതിരെ പോലീസില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ – എന്നായിരുന്നു എം സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അയോധ്യ വിധിക്ക് തൊട്ടുപിന്നാലെയായിരുന്നു എം സ്വരാജിന്‍റെ കുറിപ്പ്. ഇതിനെതിരെയാണ് പ്രകാശ് ബാബു ഡി.ജി.പിക്ക് പരാതി നല്‍കിയത്.

അയോധ്യ വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ വിദ്വേഷകരമായ പ്രസ്താവനയ്ക്ക് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചിയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള പൊലീസിന്‍റെ സൈബർ ഡോം വിഭാഗമാണ് വർഗീയത പരാമർശിക്കുന്ന പോസ്റ്റ് കണ്ടെത്തിയത്. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.