‘രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയം, ഇത് ഉള്‍ക്കൊണ്ടാണ് യാത്രയ്ക്കൊപ്പം അണിചേർന്നത്’; കമല്‍ ഹാസന്‍

Jaihind Webdesk
Saturday, December 24, 2022

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയില്‍ അണിചേർന്ന് ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോഴാണ് കമല്‍ ഹാസന്‍ യാത്രയുടെ ഭാഗമായത്. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിത്, ഈ ഉൾവിളിയിൽ നിന്നാണ് യാത്രയിൽ അണിചേർന്നതെന്ന് കമൽ ഹാസൻ പറഞ്ഞു.

ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമൽ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. പതിനായിരക്കണക്കിന് പൊതുജനങ്ങളും യാത്രയുടെ ഭാഗമായി. ഡൽഹിയിലെ പര്യടനത്തോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ഇടവേളയാണ്. പദയാത്ര ജനുവരി മൂന്നിന് പുനഃരാരംഭിക്കും.

കഴിഞ്ഞ സെപ്റ്റംബർ 07 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 9 സംസ്ഥാനങ്ങള്‍ പിന്നിട്ട് ജനലക്ഷങ്ങള്‍ക്ക് ആവേശമായി പ്രയാണം തുടരുകയാണ്. 108 ദിവസം പിന്നിടുമ്പോള്‍ 9 സംസ്ഥാനങ്ങളും 46 ജില്ലകളും പിന്നിട്ട് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ 8 സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര രാജ്യതലസ്ഥാനത്ത് പ്രവേശിച്ചത്. രാജ്യത്ത് വലിയ ചലനം സൃഷ്ടിച്ചാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ അജണ്ടകള്‍ക്കെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യാത്ര ഇന്ത്യയൊട്ടാകെ പ്രയാണം നടത്തുന്നത്.

പിന്നിടുന്ന ഓരോ കേന്ദ്രങ്ങളിലും ആർത്തലച്ചെത്തുന്ന ജനസമുദ്രം യാത്രയെ ജനം എത്രത്തോളം ആവേശത്തോടെ സ്വീകരിക്കുന്നു എന്നതിന്‍റെ നേർസാക്ഷ്യമായി മാറുന്നു. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടുന്ന യാത്ര കശ്മീരില്‍ സമാപിക്കുന്നതോടെ വലിയ ഒരു മാറ്റത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.