സോഫ്റ്റ് ലാൻഡിനൊരുങ്ങി ചന്ദ്രയാൻ-2

Jaihind Webdesk
Friday, September 6, 2019

ചരിത്രത്തിലേക്കുള്ള സോഫ്റ്റ് ലാൻഡിനൊരുങ്ങി ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ-2 ന്‍റെ ലാൻഡിംഗ് മൊഡ്യൂൾ വിക്രം ലാൻഡർ. ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.55 ആണ് വിക്രം മെഡ്യൂൾ ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുക.

ചരിത്രനിമിഷത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും നൂറ്റമ്പതു കോടി ജനങ്ങളും കാത്തിരിക്കുകയാണ്. ദൗത്യം വിജയകരമായി പൂർത്തിയായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

പ്രജ്ഞാൻ എന്നു പേരിട്ടിരിക്കുന്ന റോവർ അടങ്ങിയ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗിനായ നാളെ പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിൽ ഭ്രമണപഥം താഴ്ത്തും. ചന്ദ്രോപരിതലത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് നിലവിൽ ലാൻഡറിൻറെ സഞ്ചാരം. ഭ്രമണപഥം താഴ്ത്തുന്നതോടെ നാളെ പുലർച്ചെ 1.30 നും 2.30 നും ഇടയിൽ ലാൻഡർ ചന്ദ്രനെ തൊടും. പുലർച്ചെ 1.55 ന് ലാൻഡിംഗ് നടക്കുമെന്നാണ് ഇസ്രോ നേരത്തെ അറിയിച്ചിട്ടുള്ളത്.

ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലെ മാൻസിനസ് സി, സിംപീലിയസ് എൻ എന്നീ ഗർത്തത്തിനു നടുക്ക് പേടകം ലാൻഡ് ചെയ്യിക്കാനാണ് ഇസ്രോ ശ്രമിക്കുന്നത്. ആദ്യമായാണ് ഇസ്രോ ഒരു ഉപഗ്രഹം സോഫ്റ്റ്ലാൻഡിംഗ് നടത്തുന്നത്. ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചാൽ 15 മിനിറ്റുകൊണ്ട് ഉപഗ്രഹം 30 കിലോമീറ്റർ സഞ്ചരിച്ച് ലാൻഡിംഗ് നടത്തുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു.

ഈ രീതിയിലുള്ള 15 മിനിറ്റ് യാത്ര ഇസ്രോ ആദ്യമായി നടത്തുന്നത്. അന്തരീക്ഷമില്ലാത്ത ഒരു സ്ഥലത്ത് ലാൻഡറിലെ എൻജിൻ പ്രവർത്തിപ്പിച്ച് വേണം സോഫ്റ്റ്ലാൻഡിംഗ് നടത്താൻ. സോഫ്റ്റ്ലാൻഡിംഗിനു ശേഷം രാവിലെ 5.30നും 6.30 നും ഇടയിൽ വിക്രം ലാൻഡറിൽനിന്ന് പ്രജ്ഞാൻ റോവർ പുറത്തിറങ്ങും. ഒരു ചാന്ദ്രദിനം ആയുസുള്ള പ്രജ്ഞാൻ ചന്ദ്രോപരിതലത്ത് പരീക്ഷണങ്ങൾ നടത്തും.