പ്രതീക്ഷകള്‍ അസ്തമിക്കാതെ ചന്ദ്രയാന്‍ ദൗത്യം; ഓര്‍ബിറ്റര്‍ ലാന്‍ഡറിനെ കണ്ടെത്തി, ആശയവിനിമയം സാധ്യമാക്കാന്‍ ശ്രമം തുടരുന്നു

Jaihind Webdesk
Monday, September 9, 2019

ഇന്ത്യയുടെ അഭിമാന ദൌത്യമായ ചന്ദ്രയാന്‍ 2 വില്‍ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചിട്ടില്ലെന്ന ആശ്വാസ വാർത്തയുമായി ഐ.എസ്.ആർ.ഒ. ലാന്‍ഡിംഗിന് വെറും 2.1 കിലോമീറ്റര്‍ അകലെവെച്ച് ബന്ധം നഷ്ടമായ ലാന്‍ഡർ എവിടെയെന്ന ആശങ്കകള്‍ക്ക് ഇതോടെ വിരാമമായി. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന്‍റെ സ്ഥാനം വ്യക്തമാക്കി ഓർബിറ്റര്‍ പകർത്തിയ ചിത്രം ലഭ്യമായതോടെയാണ് ദൌത്യത്തിലെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നത്.

ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റര്‍ പകര്‍ത്തിയ തെർമല്‍ ഇമേജിലാണ് ലാന്‍ഡറിന്‍റെ സ്ഥാനം വ്യക്തമായത്. അല്‍പം ചരിഞ്ഞുകിടക്കുന്ന രീതിയിലാണ് ലാന്‍ഡറുള്ളതെന്ന് ചിത്രം വ്യക്തമാക്കുന്നു. ഇത് സോഫ്റ്റ് ലാന്‍ഡിംഗ് അല്ല നടന്നതെന്നത് വ്യക്തമാക്കുന്നു. ലാന്‍ഡർ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് അനുമാനിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങള്‍ അറിയിച്ചു.

“ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്‍റെ സ്ഥാനം ഞങ്ങൾ കണ്ടെത്തി. ഓർബിറ്റർ പകർത്തിയ  ലാൻഡറിന്‍റെ തെർമൽ ഇമേജ് ലഭ്യമായിട്ടുണ്ട്. എന്നാൽ ലാന്‍ഡറുമായി ഓർബിറ്ററിന് ആശയവിനിമയം പുനസ്ഥാപിക്കാനായിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശയവിനിമയം സാധ്യമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ഡ് ലാന്‍ഡിംഗാവും സംഭവിച്ചിരിക്കുക ”  – ഐ.എസ്.ആർ.ഒ ചെയർമാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

അതേസമയം ഓർബിറ്ററിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നത് കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നതാണ്. നിലവില്‍ ചന്ദ്രനെ ചുറ്റുന്ന പേടകങ്ങളില്‍ വെച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളതാണ് ഓർബിറ്ററിലെ ഹൈ റെസല്യൂഷന്‍ ക്യാമറ. ഇത് പകർത്തുന്ന ചിത്രങ്ങള്‍ ചന്ദ്രന്‍റ ഇരുണ്ട പ്രദേശമായ ദക്ഷിണ ധ്രുവത്തിലെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ഉപകരിക്കും. ഇത് ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകുന്നതാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെ ഓര്‍ബിറ്റര്‍ ചന്ദ്രനെ വലംവെക്കുന്നുണ്ട്.

വിക്രം ലാൻഡറുമായി സമ്പർക്കം സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇതില്‍ ഓർബിറ്ററിന്‍റെ പങ്ക് സുപ്രധാനമാണ്. ലാൻ‌ഡറിന് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാൻ ശാസ്ത്രജ്ഞർ‌ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ഓർ‌ബിറ്റർ‌ അയക്കുന്ന ചിത്രങ്ങള്‍ ഇതിന് ഉപകരിക്കും.

അതേസമയം വിക്രം ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് ചില ബഹിരാകാശ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവസാനഘട്ടത്തിലെ വേഗനിയന്ത്രണം സാധ്യമാകാത്തതിനാല്‍ ചന്ദ്രോപരിതലത്തിലേക്ക് പേടകം ഇടിച്ചിറങ്ങാനാണ് സാധ്യത. ഇത് പേടകത്തിന് കേടുപാടുകള്‍ വരുത്തിയിരിക്കാം. 14 ദിവസമാണ് ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ട റോവറിന്‍റെ കാലാവധി. ദിവസങ്ങള്‍ നീങ്ങുന്നതിനാല്‍ എത്രയും പെട്ടെന്ന് ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. എന്തായാലും ദൌത്യത്തില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തന്നെയാണ് നിലവിലെ പുരോഗതികള്‍ സൂചിപ്പിക്കുന്നത്.