ചന്ദ്രനെ തൊടാന്‍… അഭിമാന നിമിഷം അരികെ… ആകാംക്ഷയോടെ ശാസ്ത്രലോകം… | Watch LIVE

Jaihind Webdesk
Saturday, September 7, 2019

ഇന്ത്യയുടെ ചരിത്ര ദൗത്യം ചന്ദ്രയാന്‍ 2 വിന്‍റെ വിജയത്തിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ഇനിയുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നും 2 നും ഇടയില്‍ ചന്ദ്രയാന്‍റെ ഭാഗമായ ലാന്‍ഡർ ചന്ദ്രോപരിതലത്തില്‍ ‘കാല്‍കുത്തും’ എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിനായുള്ള കാത്തിരിപ്പിലാണ്  ശാസ്ത്രലോകം. മറ്റാരും ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയാണ് ചന്ദ്രയാന്‍റെ പ്രയാണം.

2019 ജൂലൈ 22 നാണ് ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.  ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റാണ് ചന്ദ്രയാനുമായി കുതിച്ചുയർന്നത്. സെപ്റ്റര്‍ 2ന് ഓര്‍ബിറ്ററും ലാന്‍ഡറും വേര്‍പിരിഞ്ഞു. ഇതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയകള്‍ക്ക് തുടക്കമായത്.

സോഫ്റ്റ് ലാന്‍ഡിംഗ്

സോഫ്റ്റ് ലാന്‍ഡിംഗിലൂടെയാണ് ലാന്‍ഡര്‍ ചന്ദ്രനെ തൊടുന്നത്. വേഗത പരമാവധി കുറച്ചുള്ള ലാന്‍ഡിംഗ് രീതിയാണിത്. ദക്ഷിണധ്രുവത്തിലുള്ള മാന്‍സിനസ്-സി, സിപ്ലിഷ്യസ്-എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലമാണ് ലാന്‍ഡിംഗ് പ്രതലം. ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രന് 30 കിലോമീറ്റര്‍ എത്തുന്നതോടെ ലാന്‍ഡറിന്‍റെ വേഗം കുറയ്ക്കാനായി  അഞ്ച് എന്‍ജിനുകളും പ്രവര്‍ത്തിപ്പിക്കും. ഇതോടെ ലാന്‍ഡറിന്‍റെ ചന്ദ്രനിലേക്കുള്ള ഗതി സാവധാനമാകും. ചന്ദ്രോപരിതലത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെവെച്ച് ലാന്‍ഡറിന്‍റെ ലാന്‍ഡിംഗ് പാഡുകള്‍ പൂര്‍ണമായും ചന്ദ്രന് അഭിമുഖമാകും. തുടര്‍ന്ന് ചന്ദ്രോപരിതലത്തിന് ഉപരിതലത്തിന് 15 മീറ്റര്‍ മുകളിലെത്തുന്നതോടെ ലാന്‍ഡറിനെ അതേ അകലത്തില്‍ സ്ഥിതിചെയ്യിപ്പിക്കും. ഇവിടെവെച്ചാണ് ലാന്‍ഡ് ചെയ്യേണ്ട സ്ഥലം തിരിച്ചറിയുന്നത്. ലാന്‍ഡറിലെ ക്യാമറ പകര്‍ത്തുന്ന ചിത്രങ്ങള്‍ നേരത്തെ ഫീഡ് ചെയ്തിരിക്കുന്ന ചിത്രവുമായി താരതമ്യം ചെയ്ത് ലാന്‍ഡ് ചെയ്യേണ്ട സ്ഥലം കൃത്യമായി മനസിലാക്കും. തുടര്‍ന്ന് ലാന്‍ഡറിന്‍റെ ദിശ ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് കൂടുതല്‍ അടുപ്പിക്കും. ചന്ദ്രോപരിതലവുമായുള്ള അകലം മൂന്ന് മീറ്റര്‍ ആകുമ്പോള്‍ നാല് എന്‍ജിനുകളും ഓഫ് ചെയ്ത് നടുവിലെ എന്‍ജിന്‍ മാത്രം പ്രവർത്തിപ്പിക്കും. ലാന്‍ഡിംഗ് പാഡുകള്‍ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുന്നതോടെ ലാന്‍ഡിംഗ് പ്രക്രിയ പൂർത്തിയാകും.

വെല്ലുവിളികള്‍

ലാന്‍ഡറിന്‍റെ വേഗം കുറയ്ക്കുന്ന പ്രക്രിയ നിര്‍ണായകമാണ്. സെക്കന്‍ഡില്‍ 1.6 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ലാന്‍ഡറിന്‍റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററായി കുറയ്ക്കണം.

ഇറങ്ങേണ്ട പ്രതലം നിര്‍ണയിക്കുന്ന പ്രക്രിയ. ചന്ദ്രോപരിതലത്തിലേക്കുള്ള യാത്രക്കിടെ പകര്‍ത്തുന്ന ചിത്രം ഉപയോഗിച്ചാണ് ലാന്‍ഡിംഗ് പ്രതലം തിരിച്ചറിയുന്നത്. ലാന്‍ഡിംഗിനിടെയുണ്ടാകുന്ന പൊടിപടലങ്ങള്‍ക്കിടെയാണ് ഈ പ്രക്രിയ പൂർത്തിയാക്കേണ്ടത്.

ലാന്‍ഡിംഗിന് ശേഷം മണിക്കൂറുകളുടെ കാത്തിരിപ്പ്

ലാന്‍ഡിംഗ് സമയത്തുണ്ടാകുന്ന ശക്തമായ പൊടിപടലം അടങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവരും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍. ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തെത്തുന്നതാണ് അടുത്ത ഘട്ടം. ഇതിന് നാല് മണിക്കൂറോളം കാത്തിരിക്കേണ്ടിവരും. ചന്ദ്രന്‍റെ ഗുരുത്വാകർഷണം കുറവായതിനാല്‍ ഉയരുന്ന പൊടിപടലം   താഴെ എത്താന്‍ മണിക്കൂറുകള്‍ എടുക്കും. ലാന്‍ഡറിന്‍റെ മുകളിലും പൊടി അടിയുമെന്നതിനാല്‍ മൂന്ന് മണിക്കൂറിന് ശേഷമേ റോവര്‍ പുറത്തേക്കിറങ്ങുകയുള്ളൂ. റോവര്‍ ആണ് ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പരീക്ഷണം നടത്തുന്നത്.റോവറിനെ നിയന്ത്രിക്കുന്നത് ലാന്‍ഡറായിരിക്കും. റോവറും ലാന്‍ഡറും നല്‍കുന്ന സന്ദേശങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ബംഗളുരുവിലെ ഐ.എസ്.ആർ.ഒ കണ്‍ട്രോള്‍ സ്റ്റേഷനിലെത്തും.

LIVE : Landing of Chandrayaan-2 on Lunar Surface

https://www.facebook.com/JaihindNewsChannel/videos/232073067716973/