കിറ്റെക്സ് തൊഴിലാളി ലയങ്ങളിലെ ശോച്യാവസ്ഥ ; പോലീസും തൊഴിൽ വകുപ്പും പരിശോധന നടത്തി

Wednesday, June 9, 2021

കൊച്ചി : എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തൊഴിൽ വകുപ്പും പോലീസും പരിശോധന നടത്തി. കഴിഞ്ഞ ദിവസം കമ്പനി തൊഴിലാളികളുടെ ദുരിത ജീവിതത്തെ കുറിച്ച് ജയ്ഹിന്ദ് ടിവി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.

കിഴക്കമ്പലത്തെ കമ്പനി വളപ്പിലെ തൊഴിലാളി ലയങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. രാവിലെ എത്തിയ ഉദ്യോഗസ്ഥ സംഘം ഉച്ചയ്ക്ക് ഒരുമണി വരെ പരിശോധന തുടര്‍ന്നു. പരിശോധനയിൽ കിറ്റെക്സിലെ തൊഴിലാളികളുടെ ദുരിത ജീവിതം നേരിട്ട് കണ്ട ഉദ്യോഗസ്ഥർ ഉടൻ മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.

എറണാകുളത്തെ ട്വന്‍റി ട്വന്‍റി കൂട്ടായ്മയുടെ കോ ഓർഡിനേറ്റർ സാബു ജേക്കബാണ് കമ്പനി ഉടമ. തന്‍റെ തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്ന് കമ്പനി ഉടമ പറയുമ്പോൾ കമ്പനിയിലെ തൊഴിലാളികൾ പകർത്തി അയച്ചുതന്നെ ചിത്രങ്ങൾ കരളലിയിക്കുന്നതായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലുള്ള തൊഴിലാളികളുടെ ജീവിതം പൊതു സമൂഹം അറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് കമ്പനിക്കെതിരെ ഉയരുന്നത്.

ട്വന്‍റി ട്വന്‍റി കൂട്ടായ്മ ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർക്ക് നേരത്തെ തന്നെ നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ കമ്പനിക്കെതിരെ ഒരു നടപടിയും അധികൃതർ കൈക്കൊണ്ടിട്ടില്ല. കമ്പനിയിലെ തൊഴിലാളി ചൂഷണത്തെ കുറിച്ച് നേരത്തെ തന്നെ നിരവധി ആരോപണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അന്നെല്ലാം തന്‍റെ സ്വാധീനം ഉപയോഗിച്ച് കമ്പനി ഉടമ സാബു ജേക്കബ് ഈ പരാതികൾ ഉദ്യാഗസ്ഥരെ കൊണ്ട് പൂഴ്ത്തിവെപ്പിക്കുകയായിരുന്നു. പരിശോധനാ വിവരം അറിഞ്ഞ് കമ്പനിക്ക് പുറത്ത് തടിച്ച് കൂടിയ നാട്ടുകാർക്ക് നേരെ കമ്പനിയിലെ ചില ആളുകൾ കയർത്ത് സംസാരിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.

 

തൊഴുത്തിനേക്കാള്‍ കഷ്ടം കിറ്റെക്സിന്‍റെ ‘മൈക്രോ ഷെല്‍റ്റര്‍’ ; ദുരിതക്കയത്തില്‍ തൊഴിലാളികള്‍