തിരുവനന്തപുരം: സർക്കാരിന്‍റെ പിടിപ്പുകേട് ഗ്രാമീണ മേഖലയിൽ കുടിവെള്ളം ഉറപ്പാക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതിയെ നിശ്ചലമാക്കിയെന്ന് പ്രതിപക്ഷം. സർക്കാർ വീഴ്ചകൾ മൂലം പദ്ധതി നിർവഹണത്തിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിലായ സാഹചര്യം അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടി. സംസ്ഥാനത്തെ ശുദ്ധജല പദ്ധതികളുടെ പാളം സർക്കാർ തെറ്റിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ഗ്രാമീണ മേഖലയിൽ കുടിവെള്ളം ഉറപ്പാക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതിയിലെ സർക്കാർ വീഴ്ചകളും പിടിപ്പുകേടും അക്കമിട്ടു നിരത്തിയാണ് അനൂപ് ജേക്കബ് വിഷയം സഭയിൽ അവതരിപ്പിച്ചത്. സർക്കാരിന്‍റെ പിടിപ്പുകേട് പദ്ധതിയെ നിശ്ചലമാക്കിയെന്നും വലിയ വീഴ്ചകൾ സർക്കാരിന്‍റെ ഭാഗത്തുണ്ടായി എന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സർക്കാർ സ്ഥാപിച്ച പൈപ്പ് തുറന്നാൽ ശുദ്ധജലം പോയിട്ട് കാറ്റു പോലും വരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പദ്ധതി നടത്തിപ്പിലെ സർക്കാർ വീഴ്ചകൾ ഒന്നൊന്നായി തുറന്നുകാട്ടിയാണ് വി.ഡി. സതീശന്‍ സഭയിൽ വാക്കൗട്ട് പ്രസംഗം നടത്തിയത്. സർക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്നും പദ്ധതി പാളം തെറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ശുദ്ധജല വിതരണ സംവിധാനം തന്നെ പാളിപ്പോകുന്ന നിലയിലേക്ക് കാര്യങ്ങൾ സർക്കാർ എത്തിച്ചിരിക്കുകയാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതിക്ക് അനുവദിച്ച തുകകൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നുമുള്ള അവകാശവാദമാണ് പ്രതിപക്ഷാരോപണത്തിൽ പ്രതിക്കൂട്ടിലായ മന്ത്രി റോഷി അഗസ്റ്റിൻ സഭയിലറിയിച്ചത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.