പി.ബിയില്‍ വിമർശനം ഉണ്ടായില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അവിശ്വസനീയം; പി.ബി നിലപാട് വ്യക്തമാക്കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, November 18, 2019

Mullappally-Ramachandran-PC

യു.എ.പി.എ സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അവിശ്വസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.എ.പി.എയില്‍ പോളിറ്റ് ബ്യൂറോ  നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഴ് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതും പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയതും പോളിറ്റ് ബ്യൂറോ അംഗീകരിക്കുന്നു എന്നാണ് പിണറായി വിജയന്‍റെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും പല പോളിറ്റ് ബ്യൂറോ അംഗങ്ങളും പരസ്യമായി രംഗത്ത് വന്നിരുന്നു. യു.എ.പി.എ കരിനിയമമാണെന്ന് ആവര്‍ത്തിച്ച് എല്ലാ വേദികളിലും പറഞ്ഞവരാണ് സി.പി.എമ്മുകാര്‍. ഒടുവില്‍ നടന്ന പോളിറ്റ് ബ്യൂറോയോഗത്തില്‍ ആ നിലപാടില്‍ മാറ്റം വരുത്തിയോയെന്നത് സി.പി.എം വിശദീകരിക്കണം. ഇതിന് കടകവിരുദ്ധമായ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണ്. പരസ്യമായ യു.എ.പി.എ നിലപാട് പോളിറ്റ് ബ്യൂറോ തള്ളിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എമ്മിന്‍റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയ്ക്ക് മുകളിലാണ് താനെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പി.ബിയും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എല്ലാം പിണറായിയുടെ മുന്നില്‍ മുട്ടുവിറച്ച് നില്‍ക്കുന്ന കാഴ്ചയാണ് രാഷ്ട്രീയ സമൂഹം കാണുന്നത്. പിണറായി  പോളിറ്റ് ബ്യൂറോയെക്കാള്‍ ഗൗരവത്തോടെ കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മാവോയിസ്റ്റുകളെ വകവരുത്തുന്നതും യു.എ.പി.എ ചുമത്തുന്നതും മോദിയുടെ അജണ്ടയാണ്. അതാണ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും പിണറായിക്ക് ബി.ജെ.പി ബിഗ് സല്യൂട്ട് വരെ നല്‍കിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.