അമിത വേഗതയില്‍ അലക്ഷ്യമായി യു ടേണെടുത്ത് കാർ: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി; ശേഷം നിർത്താതെ മരണപ്പാച്ചില്‍

Jaihind Webdesk
Tuesday, August 8, 2023

 

വയനാട്: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ കാറിടിച്ച് നിരവധി പേർക്ക് പരിക്ക്. വയനാട് കൽപ്പറ്റ എടക്കുനിയിൽ വെച്ചാണ് റോഡിൽ അലക്ഷ്യമായി യു ടേൺ അടിച്ച കാർ അതിവേഗതയില്‍ കെഎസ്‌ആർടിസി ബസില്‍ ഇടിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. യാത്രക്കാരുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ്‌ പൊഴുതന മേൽമുറിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് കാർ വന്നിടിച്ചത്. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ നിരവധി യാത്രക്കാർക്കാണ് പരിക്കേറ്റത്. എതിരെ വന്ന കാർ അമിത വേഗതയിലായിരുന്നുവെന്നും അപകടമൊഴിവാക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിനു നേരെ വന്നിടിക്കുകയായിരുന്നുവെന്നും ബസ് ഡ്രൈവർ ജയപ്രകാശ് പറഞ്ഞു.

ഇടിച്ചതിനുശേഷം നിർത്താതെ പോയ കാറിനുപിന്നാലെ നാട്ടുകാർ ഓടിയെങ്കിലും നമ്പർ പോലും കാണാൻ കഴിയാത്ത വിധം വേഗതയിൽ കടന്നുകളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ നിരവധി പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.