‘നന്ദിയുണ്ട് മോദിജീ’; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Jaihind Webdesk
Thursday, September 8, 2022

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയതിനാണ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തും അയച്ചു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയത്. കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 11.17 കിലോ മീറ്റർ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാതയുടെ നിർമാണോദ്‌ഘാടനം പ്രധാനമന്ത്രി സെപ്‌റ്റംബർ 1 ന് നിർവഹിച്ചിരുന്നു.

 

 

അതേസമയം ലാവലിന്‍ കേസ് സുപ്രീം കോടതിയിലെത്തുന്ന പശ്ചാത്തലവുമായി മുഖ്യമന്ത്രിയുടെ കേന്ദ്രസ്നേഹം കൂട്ടിവായിക്കപ്പെടുന്നുണ്ട്. നേരത്തെ നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതും ചര്‍ച്ചയായിരുന്നു. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ ഹർജികള്‍ സുപ്രീം കോടതി സെപ്റ്റംബർ 13 നാണ് പരിഗണിക്കുന്നത്.  അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേത് ആണ് നിർദേശം.

എസ്എന്‍സി ലാവലിന്‍ കേസ് നിരന്തരമായി മാറ്റിവെക്കുന്നതിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് എത്തുന്നത്. 2017 ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് മുപ്പതിലേറെ തവണയാണ് മാറ്റിവെച്ചത്. 1995 ൽ ഉണ്ടായ കേസിന്‍റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസ് അനന്തമായി നീണ്ടുപോകുന്നത് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നീക്കം.