കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദ പരാമർശം: രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

 

കൊച്ചി : ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിൻ്റെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.

ആലുവ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ ആര്‍ വിനോദ്, ഗ്രേഡ് എസ്ഐ രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയിയെ തുടർന്ന് ഇരുവരെയും ഡിഐജി ആണ് സസ്പെന്‍ഡ് ചെയ്തത്. ആലുവ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് തീവ്രവാദികള്‍ എന്ന് പൊലീസ് പരാമര്‍ശിച്ചത്. ഇടതു സർക്കാറിൻ്റെ ന്യൂനപക്ഷ വേട്ടയുടെ നേർ ചിത്രമായിരുന്നു പോലീസിൻ്റെ കസ്റ്റഡി അപേക്ഷയിലൂടെ പുറത്തുവന്നത്. ഇസ്ലാം നാമധാരികൾ ആയതിൻ്റെ പേരിൽ മാത്രം കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദ മുദ്ര കുത്താൻ ശ്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. പൊതുപ്രവർത്തകർക്കെതിരെ മനപ്പൂർവം വിരോധം വെച്ചു തീവ്രവാദ ബന്ധം ആരോപിച്ചതാണെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ പൊലീസിൻ്റെ ആരോപണം തള്ളിയ കോടതി തള്ളി മൂന്ന് പേർക്കും ജാമ്യം നല്‍കിയിരുന്നു.

പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയ അൻവർ സാദത്ത് എംഎൽഎ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വിഡിസതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. അതേ സമയം പൊലീസിന്‍റെ പരാമര്‍ശം ഗൂഢലക്ഷ്യത്തോടെയാണന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ് പിക്കാണ് അന്വേഷണ ചുമതല.

Comments (0)
Add Comment