നീതി തേടി കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ അധ്യാപികയുടെ ഒറ്റയാള്‍ സമരം

Thursday, January 10, 2019

Neena-Teacher-Kannur

നീതി തേടി കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ അധ്യാപികയുടെ ഒറ്റയാള്‍ സമരം. പാനൂരിനടുത്ത് സെന്‍ട്രല്‍ പൊയിലൂര്‍ എല്‍.പി സ്കൂളിലെ പ്രധാന അധ്യാപിക കെ.വി നീനയാണ് പോലീസില്‍ നിന്നും നീതി തേടി പ്രതിഷേധ സമരവുമായി എത്തിയത്. മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന സഹ അധ്യാപകനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലന്നാണ് അധ്യാപികയുടെ ആരോപണം. ഇടതുപക്ഷ പ്രവർത്തകനായ അധ്യാപകൻ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ്സ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി നീന ടീച്ചർ.

ഇരുപത്തിയ‍ഞ്ച് വര്‍ഷമായി സെന്‍ട്രല്‍ പൊയിലൂര്‍ എല്‍.പി സ്കൂളിലെ അധ്യാപികയാണ് കെ.വി നീന.മൂന്ന് വര്‍ഷമായി ഇവിടെ പ്രധാന അധ്യാപികയായി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സഹ അധ്യാപകനായ ടി.പി പവിത്രന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് നീന ടീച്ചറുടെ പരാതി.  ഇടതുപക്ഷ പ്രവർത്തകനും കെ എസ് ടി എ അംഗവുമായ ടി.പി പവിത്രന് എതിരെയാണ് ടീച്ചറുടെ പരാതി. ഇയാൾ
പലവട്ടം ലൈംഗികമായി പീഡിപ്പിക്കാനുളള ശ്രമം നടന്നതായും അധ്യാപിക ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ പതിമൂന്നാം തീയതി ഓഫീസിനുളളില്‍ വെച്ച് മര്‍ദ്ദിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് നീന കൊളവല്ലൂര്‍ പോലീസില്‍ അദ്ധ്യാപകന് എതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇടത് അധ്യാപക യൂണിയനില്‍ അംഗമായ അധ്യാപകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് നീന ആരോപിച്ചു.

1998 ൽ ബിജെപി പ്രവർത്തകനായ കുഞ്ഞിരാമൻ വധക്കേസിൽ കൊലപാതകക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ടി.പി പവിത്രൻ. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇയാൾ അദ്ധ്യാപകനായി ജോലി ചെയ്യാൻ ആരംഭിച്ചതെന്നും നീന പറയുന്നു.

അദ്ധ്യാപകന് എതിരെ നടപടിയാവശ്യപ്പെട്ട് എസ്.പിക്കും കലക്ടര്‍ക്കും നീന പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് ഇവര്‍ ഒറ്റയാള്‍ സമരവുമായി കലക്ട്രേറ്റിന് മുന്നിലെത്തിയത്. നീതി തേടിയുള്ള സമരം ശക്തമാക്കാനാണ് നീന ടീച്ചറുടെ തീരുമാനം.

https://youtu.be/zCaTbXtza1k