ട്വന്‍റി 20 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാന്‍ സെമിയില്‍; ഓസ്ട്രേലിയ പുറത്ത്

Jaihind Webdesk
Tuesday, June 25, 2024

 

ട്വന്‍റി 20 ലോകകപ്പിൽ സെമി കാണാതെ ഓസ്‌ട്രേലിയ പുറത്ത്. നിർണായക മൽസരത്തിൽ ബംഗ്‌ളാദേശിനെ 8 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്താൻ സെമിയിലെത്തി. 116 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്‌ളാദേശ് 105 റൺസിന് ഓൾ ഔട്ടായി. മഴമൂലം വിജയലക്ഷ്യം 19-ഓവറിൽ 114-റൺസാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അഫ്ഗാനിസ്താന്‍ ട്വന്‍റി 20 ലോകകപ്പിന്‍റെ സെമിയില്‍ പ്രവേശിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 5 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എടുത്തു . 43 റൺസ് എടുത്ത റഹ്മത്തുള്ള ഗുർബാസാണ് ടോസ് സ്‌കോറർ. ബംഗ്ലാദേശ് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ അഫ്ഗാന് വലിയ ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ മൂന്നു വിക്കറ്റുകള്‍ നേടി. ബംഗ്‌ളാദേശ് നിരയിൽ 54 റൺസ് എടുത്ത ലിറ്റൻ ദാസ് മാത്രമാണ് പിടിച്ചു നിന്നത്. 4 വിക്കറ്റ് വീതം നേടിയ റാഷിദ് ഖാനും നവീൻ ഉൾ ഹഖുമാണ് ബംഗ്‌ളാദേശിനെ തകർത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. 23 റണ്‍സിനിടെ തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്‍റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ പുറത്തായി. ടീം സ്‌കോര്‍ 31-ല്‍ നില്‍ക്കേ മഴ കളി തടസപ്പെടുത്തി. മഴമൂലം വിജയലക്ഷ്യം 19-ഓവറിൽ 114-റൺസാക്കിയിരുന്നു. മത്സരം പുനഃരാരംഭിച്ചതോടെ തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും പുറത്തായതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ റാഷിദ് ഖാന്‍ പുറത്താക്കി. അവസാന നിമിഷം വരെ പ്രതീക്ഷയായി ലിറ്റണ്‍ ദാസ് നിലകൊണ്ടെങ്കിലും പിന്തുണ നല്‍കാന്‍ ആരും ഉണ്ടായില്ല. ലിറ്റണ്‍ ദാസ് പുറത്താവാതെ 49 പന്തില്‍ നിന്ന് 54 റണ്‍സ് നേടി. തസ്‌നിം ഹസന്‍ (3), ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരും പുറത്തായതോടെ ബംഗ്ലാദേശ് തോല്‍വി പൂർത്തിയായി. സെമിയിൽ സൗത്ത് ആഫ്രിക്കയാണ് അഫ്ഗാനിസ്താന്‍റെ എതിരാളികൾ.