എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സർക്കാർ തയ്യാറാകണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ റഗുലര്‍ ക്ലാസുകള്‍ നടത്താന്‍ സാധിക്കാതിരുന്നതുകൊണ്ടാണ് പാഠഭാഗം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.

വിക്ടേഴ്‌സ് ചാനല്‍ വഴി കൂടുതല്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇനി അധ്യയനത്തിനായുള്ളത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാതെയാണ് സിലബസ് ചുരുക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ കുറച്ചുകൂടി പക്വമായ സമീപനമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിലബസ് ചുരുക്കാതെ ജനുവരിക്ക് മുമ്പ് മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്.ആറുമാസം കൊണ്ട് തീര്‍ത്ത പാഠഭാഗങ്ങളെക്കാള്‍ കൂടുതല്‍ പാഠഭാഗം ഇനിയുള്ള രണ്ടുമാസം കൊണ്ട് തീര്‍ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇത് കുട്ടികളിലും അധ്യാപകരിലും ഒരു പോലെ സമ്മര്‍ദ്ദം ഉണ്ടക്കുന്ന തീരുമാനമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

mullappally ramachandranSSLCPlus2
Comments (0)
Add Comment