ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്ര സർക്കാരിന്‍റെ പക പോക്കിലിനെതിരായ പോരാട്ടത്തിൽ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തെ നിയമപരമായി നേരിടാൻ എല്ലാ സഹായവും നൽകുമെന്നും കന്‍റോൺമെന്‍റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടത്തിന് കേരളത്തിലെ എംഎൽഎ മാരുടെയും എംപിമാരുടെയും പിന്തുണ തേടി എത്തിയതായിരുന്നു ശ്വേത ഭട്ട്.
സഞ്ജീവ് ഭട്ടിനെ ബോധപൂർവ്വം ജയിലലടച്ച നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയുള്ള പോരാട്ടമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ നിയമപരമായി നേരിടും, സമൂഹത്തിൽ ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി പോരാടുന്നവരുടെ പിന്തുണ തേടിയെത്തിയതാണ് ശ്വേത ഭട്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ സന്ദർശിച്ച സഞ്ജീവ് ഭട്ടിന്‍റെ ഭാര്യയ്ക്കും മകനും ഒപ്പമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടത് .
കേരളത്തിന്‍റെ പിന്തുണയ്ക്ക് നന്ദിയെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട്. അനീതിയ്ക്കെതിരെയുള്ള പോരാട്ടമാണ്. അതിന് എം.പിമാരുടെയൊക്കെ പിന്തുണ വേണ്ടി വരും. ധാർമിക പിന്തുണയും ആവശ്യം. അത് തേടിയെത്തിയതാണ്. നിയമ പരമായ പോരാട്ടം തുടരും. പിന്തുണ തേടി മുഖ്യമന്ത്രിയെയും കാണുമെന്നും ശ്വേത ഭട്ട് പറഞ്ഞു.