‘ഒരു സ്ത്രീയുടെയും മക്കളുടെയും അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായോ? പറഞ്ഞതെല്ലാം സത്യമാണ്, അത് കേരളത്തിലെ ജനങ്ങളെ അറിയിച്ചിരിക്കും’: സ്വപ്നാ സുരേഷ്

തിരുവനന്തപുരം: തന്‍റെയും കുടുംബത്തിന്‍റെയും അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ക്രൈം ബ്രാഞ്ച് സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന പറഞ്ഞു.  മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. മൊഴിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. പെരുവഴിയില്‍ ഇറങ്ങേണ്ടിവന്നാലും അത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.

ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ക്രൈം ബ്രാഞ്ച് മറ്റ് പല കാര്യങ്ങളുമാണ് ചോദിച്ചത്. എച്ച്ആർഡിഎസില്‍ നിന്ന് ഒഴിവാകണം, കൃഷ്ണരാജ് വക്കീലിന്‍റെ വക്കാലത്ത് ഒഴിവാകണം തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്.  എച്ച്ആര്‍ഡിഎസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

770 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം പ്രതിയാക്കുമെന്നാണ് പറഞ്ഞത്. ഇത്രയും നാള്‍ അന്നം തന്നതിന് എച്ച്ആർഡിഎസിനോട് നന്ദിയുണ്ട്. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നം മുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ഉപദ്രവിക്കുകയാണെന്നും സ്വപ്ന പറഞ്ഞു. കൊടുത്ത മൊഴി സത്യമാണ്. അത് സത്യമാണെന്ന് കേരളത്തിലെ ജനങ്ങളെ അറിയിച്ച് കൊടുത്തിരിക്കും. മുഖ്യമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെങ്കിലും ചെയ്‌തോളൂവെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

Comments (0)
Add Comment